Site iconSite icon Janayugom Online

സംരംഭക വര്‍ഷം പദ്ധതി നാല് ലക്ഷത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചു : മന്ത്രി പി രാജീവ്

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ‘സംരംഭക വര്‍ഷം‘പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നാല് ലക്ഷത്തിലധികം പുതിയ സംരംഭങ്ങള്‍ തുടങ്ങിയതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സംരംഭക വര്‍ഷം (ഇയര്‍ ഓഫ് എന്റര്‍പ്രൈസസ്) പദ്ധതിയുടെ വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
2022 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 20 വരെയുള്ള കണക്കുകള്‍ പ്രകാരം 4,06,976 പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതിലൂടെ 27,222 കോടി രൂപയുടെ നിക്ഷേപവും 8,67,017 പേര്‍ക്ക് തൊഴിലും നല്‍കാന്‍ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ആകെ തുടങ്ങിയ സംരംഭങ്ങളില്‍ 1,28,852 എണ്ണം വനിതകളുടേതാണെന്നത് പദ്ധതിയുടെ വലിയ നേട്ടമാണ്. വ്യാപാര മേഖലയില്‍ 1.78 ലക്ഷവും, സേവന മേഖലയില്‍ 1.74 ലക്ഷവും, ഉല്പാദന മേഖലയില്‍ 54,895‑ഉം യൂണിറ്റുകള്‍ വീതമാണ് പ്രവര്‍ത്തനമാരംഭിച്ചത്. എറണാകുളം, മലപ്പുറം, തിരുവനന്തപുരം ജില്ലകളാsണ് സംരംഭങ്ങളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
സംരംഭകര്‍ക്ക് കൈത്താങ്ങായി നാല് ശതമാനം പലിശയില്‍ വായ്പ ലഭ്യമാക്കുന്ന കെ.ഇ.എല്‍.എസ് പദ്ധതി, എംഎസ്എംഇ ഇന്‍ഷുറന്‍സ്, 1153 എന്റര്‍പ്രൈസ് ഡെവലപ്മെന്റ് എക്‌സിക്യൂട്ടീവുമാരുടെ സേവനം, താലൂക്ക് തലത്തിലുള്ള റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ വഴി സര്‍ക്കാര്‍ ശക്തമായ പിന്തുണയാണ് നല്‍കുന്നത്. കൂടാതെ, തെരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവുള്ള കമ്പനികളായി വളര്‍ത്തുന്ന ‘മിഷന്‍ 1000’ പദ്ധതിയും പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
‘കേരള ബ്രാന്‍ഡ്’ വഴി ആഗോള വിപണിയില്‍ കേരളീയ ഉല്പന്നങ്ങള്‍ക്ക് പ്രത്യേക വ്യക്തിത്വം നല്‍കുമെന്നും, സ്വകാര്യ വ്യവസായ പാര്‍ക്കുകളിലൂടെ കൂടുതല്‍ നിക്ഷേപം കൊണ്ടുവന്ന് കേരളത്തെ സുസ്ഥിരമായ വ്യവസായ സൗഹൃദ സംസ്ഥാനമായി മാറ്റുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എപി എം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ പി.വിഷ്ണുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Exit mobile version