Site icon Janayugom Online

വരുന്നത് ജല പ്രതിസന്ധി; 500 കോടി ജനങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടുമെന്ന് ഐക്യരാഷ്ട്ര സഭ

ആഗോളതലത്തില്‍ 2050 ഓടെ 500 കോടി ജനങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടുമെന്ന് ഐക്യരാഷ്ട്ര സഭ. കാലാവസ്ഥ വ്യതിയാനം കാരണം വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ പ്രശ്നങ്ങളും ലോകമെമ്പാടും വരാനുള്ള സാധ്യത കൂടുതലാണെന്നും യുഎന്‍ ഏജന്‍സിയായ അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന (‍ഡബ്ല്യുഎംഒ) അറിയിച്ചു.

ജലക്ഷാമം നേരിടുന്ന ജനങ്ങളുടെ എണ്ണവും ഗണ്യമായി ഉയര്‍ന്നിട്ടുണ്ടെന്ന് ഡബ്ല്യുഎംഒ പറയുന്നു. ലോകത്തിലെ 360 കോടി ആളുകള്‍ക്ക് 2018 മുതല്‍ തന്നെ വര്‍ഷത്തില്‍ ഒരു മാസം അവരുടെ ആവശ്യത്തിന് വേണ്ടുന്ന വെള്ളം ലഭിക്കുന്നില്ലെന്ന് ഡബ്ല്യുഎംഒ പുറത്തുവിട്ട ‘ദി സ്റ്റേറ്റ് ഓഫ് ക്ലെെമറ്റ് സര്‍വീസസ് 2021’ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 2050 എത്തുമ്പോഴേക്കും ഈ കണക്ക് 500 കോടിയായി ഉയരും. വരാനിരിക്കുന്ന ജലപ്രതിസന്ധിയെ മറികടക്കാന്‍ ദ്രുദഗതിയിലുള്ള നടപടികള്‍ ആഗോളതലത്തില്‍ സ്വീകരിക്കണമെന്നും സംഘടന ചൂണ്ടിക്കാട്ടി. ജല ഉപയോഗം മെച്ചപ്പെടുത്തുക, പുതിയ കാലാവസ്ഥാ നയങ്ങൾ പ്രാവര്‍ത്തികമാക്കുക എന്നതിലൂടെ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്ത സാധ്യതകളെയും മറികടക്കാന്‍ കഴിയുകയുള്ളവെന്നും ഡബ്ല്യു­എംഒ പറയുന്നു. 

ആഗോള താപനം പ്രദേശികമായി മഴ പെയ്യുന്നതിനെയും കാര്‍ഷിക സീസണുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് ഭക്ഷ്യ സുരക്ഷയ്ക്കും മനുഷ്യന്റെ ആരോഗ്യത്തിനും വെല്ലുവിളിയാകുമെന്ന് ഡബ്ല്യുഎംഒ സെക്രട്ടറി ജനറല്‍ പ്രൊഫ. പെട്ടേരി താലാസ് പറഞ്ഞു. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഭൂഗർഭ ജല സംഭരണം പ്രതിവർഷം ഒരു സെന്റിമീറ്റർ എന്ന തോതിൽ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry : over 500 crore peo­ple the world may expe­ri­ence scarci­ty for water in 2050

You may also like this video :

Exit mobile version