തമിഴ്‌നാടിന് പിന്നാലെ ഗുജറാത്തിലും വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് 73 ലക്ഷത്തിലധികം പേർ പുറത്തായി. തമിഴ്‌നാട്ടിൽ 97 ലക്ഷം പേർ പുറത്തായതിന് തൊട്ടുപിന്നാലെയാണ് ഗുജറാത്തിലും വൻതോതിലുള്ള ഒഴിവാക്കൽ നടന്നിരിക്കുന്നത്. സംസ്ഥാനത്താകെ 5,08,43,436 വോട്ടർമാരുണ്ടായിരുന്നതിൽ 4,34,70,109 പേരിൽ നിന്ന് മാത്രമാണ് വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
താമസം മാറിപ്പോയ 40 ലക്ഷത്തിലധികം പേരെയും മരണപ്പെട്ട 18 ലക്ഷത്തോളം പേരെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ കണ്ടെത്താൻ സാധിക്കാത്ത 9.6 ലക്ഷം പേരും ഇരട്ട വോട്ടുള്ള 3.8 ലക്ഷം പേരും പുറത്തായവരിൽ ഉൾപ്പെടുന്നു. പേര് ഒഴിവാക്കപ്പെട്ടവർക്കും പട്ടികയിൽ ആക്ഷേപമുള്ളവർക്കും 2026 ജനുവരി 18 വരെ അവകാശവാദങ്ങൾ സമർപ്പിക്കാൻ അവസരമുണ്ട്. ഇവ പരിശോധിച്ച ശേഷം അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 17ന് പ്രസിദ്ധീകരിക്കും.

