Site icon Janayugom Online

അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം; 900 പേര്‍ തടവില്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജമ്മു കശ്മീരില്‍ നൂറുകണക്കിന് പേരെ തടങ്കലിലാക്കിയെന്ന് റിപ്പോര്‍ട്ട്.
900ത്തോളം പേരെയാണ് പൊതു സുരക്ഷാ നിയമം (പിഎസ്എ) ഉള്‍പ്പെടെ ചുമത്തി തടവിലാക്കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ ജമ്മു കശ്മീരിലെത്തിയത്. ഡ്രോണുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് കേന്ദ്ര ഭരണപ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യസുരക്ഷയ്ക്ക് വിഘാതമാകുമെന്ന് ചൂണ്ടിക്കാട്ടി രണ്ട് വര്‍ഷം വരെയോ, ക്രമസമാധാന പാലനത്തിനുവേണ്ടിയെന്ന പേരില്‍ ഒരു വര്‍ഷം വരെയോ വിചാരണ പോലുമില്ലാതെ വ്യക്തികളെ തടവില്‍ വയ്ക്കാന്‍ അനുമതി നല്‍കുന്നതാണ് പൊതു സുരക്ഷാ നിയമത്തിനു കീഴിലുള്ള വകുപ്പുകള്‍. ജമ്മു കശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം എടുത്തുകളഞ്ഞതിനുശേഷം ആദ്യമായാണ് ആഭ്യന്തര മന്ത്രി ഇവിടെ സന്ദര്‍ശനത്തിനായി എത്തുന്നത്.
മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. 

കലുഷിതമായ സാഹചര്യത്തെ വീണ്ടും വഷളാക്കുന്നതിനുമാത്രമെ ഈ നടപടി സഹായിക്കൂയെന്ന് മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി. എന്നാല്‍ കയ്പ്പുള്ള മരുന്ന് അനേകം പേരുടെ ജീവന്‍ രക്ഷിക്കുന്നുവെന്ന് അമിത് ഷാ ഒരു പരിപാടിയില്‍ പങ്കെടുക്കവെ മറുപടി നല്‍കി. ഐഐടി കാമ്പസ് ഉദ്ഘാടനം ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളില്‍ ഞായറാഴ്ച അദ്ദേഹം പങ്കെടുത്തു. 

Eng­lish Sum­ma­ry : Over 900 per­sons jailed in Kash­mir due to to Amit Shahs visit

You may also like this video :

Exit mobile version