Site iconSite icon Janayugom Online

പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ്‌ലിസ്റ്റിൽ 950ലധികം പേർ: എന്‍ഐഎ

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ 950ലധികം പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ. പ്രതികളുടെ പക്കല്‍ നിന്നും ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, അന്‍സാര്‍ കെ പി, സഹീര്‍ കെ വി എന്നിവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയാണ് എന്‍ഐഎ കോടതിയില്‍ ദേശീയ അന്വേഷണ ഏജന്‍സി ഇക്കാര്യം അറിയിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയെ എന്‍ഐഎ എതിര്‍ത്തു. കേസിലെ 51-ാം പ്രതി സിറാജുദ്ദീനില്‍ നിന്ന് പിടിച്ചെടുത്ത എട്ട് രേഖകളില്‍ മറ്റ് സമുദായങ്ങളില്‍ നിന്നുള്ള 240 പേരുടെ പട്ടികയാണുള്ളതെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആലുവയിലെ പെരിയാര്‍ വാലി കാമ്പസില്‍ നടത്തിയ പരിശോധനയില്‍, നിലവില്‍ ഒളിവില്‍ കഴിയുന്ന 15-ാം പ്രതി അബ്ദുള്‍ വഹാദിന്റെ പേഴ്സില്‍ നിന്ന് ലക്ഷ്യമിട്ട അഞ്ച് പേരുടെ വിവരങ്ങള്‍ കണ്ടെടുത്തു. ഈ പട്ടികയില്‍ ഒരു മുന്‍ ജില്ലാ ജഡ്ജിയുടെ പേരും ഉള്‍പ്പെടുന്നു.

മറ്റൊരു പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത രേഖയില്‍ 232 പേരുകളുള്ള ഹിറ്റ് ലിസ്റ്റ് ഉണ്ടായിരുന്നു. ഇയാള്‍ പിന്നീട് മാപ്പുസാക്ഷിയായി. 69-ാം പ്രതിയായ അയൂബ് ടി എയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഏതാണ്ട് 500 പേരുകള്‍ അടങ്ങിയ ഹിറ്റ് ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്.
ആലുവയിലെ പെരിയാര്‍ വാലി കാമ്പസ് പിഎഫ്ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നു. അത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം കണ്ടുകെട്ടിയെന്നും എന്‍ഐഎ അറിയിച്ചു. പിഎഫ്ഐക്ക് ഭീഷണിയായ മറ്റ് സമുദായങ്ങളിലെ നേതാക്കളെ സംഘടനയുടെ ‘റിപ്പോര്‍ട്ടര്‍ വിങ്’ കണ്ടെത്തുന്നു. സംഘടനയുടെ സര്‍വീസ് വിങ്/ഹിറ്റ് ടീമുകള്‍ എതിരാളികളെ ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്നു. അതിനായി കേഡര്‍മാര്‍ക്ക് ശാരീരിക, ആയുധ പരിശീലനം നല്‍കുന്നതിനുള്ള വിഭാഗവും പോപ്പുലര്‍ ഫ്രണ്ടിനുണ്ടെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. തങ്ങള്‍ നിരപരാധികളാണ്. മൂന്ന് വര്‍ഷത്തിലേറെയായി കസ്റ്റഡിയിലാണ്. കേസില്‍ അന്വേഷണം പൂര്‍ത്തിയായി. വിചാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്നതിനാല്‍, ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
രേഖകള്‍ പരിശോധിച്ച കോടതി, ഹര്‍ജിക്കാര്‍ക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് നിരീക്ഷിച്ചു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഇതിനകം ഫയല്‍ ചെയ്തിട്ടുണ്ട്. കേസ് വിചാരണയ്ക്ക് മാറ്റിവച്ചിരിക്കുന്നു. യുഎപിഎയിലെ സെക്ഷന്‍ 43 (5 )പ്രകാരമുള്ള വ്യവസ്ഥ ഈ കേസില്‍ ബാധകമാണ്. ആയതിനാല്‍ ഈ ഘട്ടത്തില്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും ഹര്‍ജി തള്ളിക്കളയുന്നതായും കോടതി ഉത്തരവിട്ടു.

Exit mobile version