ഛത്തീസ്ഗഡില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ വൻ അഴിമതി. മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതുവഴി അറുന്നൂറിലധികം കോടി രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. 2023–24 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിന്റെ കീഴില്‍ നടന്ന വൻ അഴിമതിയുടെ കണക്കുകളുള്ളത്. ബജറ്റ് വിഹിതംകൂടാതെ 660 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഛത്തീസ്ഗഡ് സ്റ്റേറ്റ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് അനുമതി നല്‍കിയതായി ഓഡിറ്റ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ആരോഗ്യ വകുപ്പിലെ അക്കൗണ്ടന്റ് ജനറല്‍ അയച്ച കത്തിലാണ് ഓഡിറ്റ് റിപ്പോര്‍ട്ടുള്ളത്.
സംസ്ഥാനത്തെ 776 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് (പിഎച്ച്സി)ക്കാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തതെന്നും ഓഡിറ്റ് കണ്ടെത്തി. അതേസമയം ഇവയില്‍ 350ലധികം ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍പോലുമില്ലാത്ത പിഎച്ച്സികളാണ് ഇവയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മെഡിക്കല്‍ ഉപകരണങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വേകളോ ആവശ്യമായ വിശകലനങ്ങളോ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ നടത്തിയിരുന്നില്ല. സൗകര്യങ്ങളുടെ അപര്യാപ്തത, വൻ തുക ചെലവാക്കി വാങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ കെട്ടിക്കിടക്കുന്നതിലേക്ക് നയിച്ചെന്നും റിയാക്ടറുകളുടെ ഗുണനിലവാരം കുറയുന്നതിന് കാരണമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആവശ്യത്തിന് ഡോക്ടര്‍മാര്‍ പോലുമില്ലാത്ത റായ്പൂരിലെ ഭട്ഗാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സോണോഗ്രാഫി, എക്‌സ്-റേ മെഷീനുകൾ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങൾ നശിച്ചുതുടങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്. ആരോഗ്യരംഗത്തെ അടിസ്ഥാന സേവനങ്ങള്‍ക്കാവശ്യമായ വിലകൂടിയ യന്ത്രങ്ങള്‍പോലും ഉപയോഗിക്കാനാളില്ലാത്തതിനാല്‍ കെട്ടിക്കിടന്ന് നശിക്കുകയാണ്.
തലസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിക്കായി 2018‑ൽ വാങ്ങിയ 18 കോടി രൂപയുടെ പെറ്റ് സ്കാൻ ഗാമ മെഷീന്‍ ഇന്നും പ്രവര്‍ത്തനരഹിതമായി തുടരുകയാണെന്ന് പാരാമെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് നരേഷ് സാഹു വെളിപ്പെടുത്തുന്നു.
ഇത്തരം സംഭവങ്ങള്‍ നിരന്തരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
English Summary: Over Rs 600 crore worth of medical equipment is backlogged in Chhattisgarh
You may also like this video