ശരീര ഭാരം വർധിപ്പിക്കാനായി അമിതമായി ഭക്ഷണം കഴിച്ച റഷ്യൻ ഫിറ്റ്‌നസ് പരിശീലകനും ഇൻഫ്ലുവൻസറുമായ ദിമിത്രി ന്യുയാൻസിൻ(30) മരിച്ചു. കുറഞ്ഞത് 25 കിലോ ഭാരം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ വെല്ലുവിളി ഏറ്റെടുത്തത്. ശരീര ഭാരം വർധിപ്പിച്ച ശേഷം കുറച്ചുകാണിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം അമിതമായി ഭക്ഷണം കഴിച്ചത്.
പ്രതിദിനം 10,000 കലോറിയിലധികം ഭക്ഷണം കഴിച്ചിരുന്നു. മരണത്തിന് ഒരു ദിവസം മുമ്പ്, തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് പരിശീലന ക്ലാസുകൾ അദ്ദേഹം റദ്ദാക്കുകയും ഡോക്ടറെ കാണാൻ പദ്ധതിയിടുകയും ചെയ്തിരുന്നു. എന്നാല്‍ ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
പ്രഭാതഭക്ഷണമായി പേസ്ട്രികളും കേക്കിന്റെ പകുതിയും, ഉച്ചഭക്ഷണം മയോണൈസ് ചേർത്ത 800 ഗ്രാം ഡംപ്ലിംഗുകൾ, അത്താഴം ഒരു ബർഗറും രണ്ട് ചെറിയ പിസ്സകളും അദ്ദേഹം കഴിച്ചിരുന്നു. പകൽ സമയത്ത് അദ്ദേഹം ചിപ്‌സ് പോലുള്ള ലഘുഭക്ഷണങ്ങളും കഴിച്ചിരുന്നു. നവംബർ 18ലെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, അദ്ദേഹം ഒരു പാക്കറ്റ് ലേയ്‌സ് കഴിക്കുന്ന ചിത്രം പങ്കുവെക്കുകയും തന്റെ ഭാരം 105 കിലോ ആയെന്നും ഒരു മാസത്തിനുള്ളിൽ കുറഞ്ഞത് 13 കിലോ ഭാരം വർധിച്ചതായും വെളിപ്പെടുത്തിയിരുന്നു.

