ഇന്നലെ രാവിലെ 10 മണിയോടെ തൃശൂർ ഭാഗത്തു നിന്ന് അമിതവേഗത്തിൽ എത്തിയ മഹാദേവ ലിമിറ്റഡ് സ്റ്റോപ്പ് ബസ്, ട്രാക്ക് മാറി റോഡിന്റെ പടിഞ്ഞാറുവശത്ത് കൂടി വന്നപ്പോൾ ഠാണാ ഭാഗത്തു നിന്ന് വന്ന ഇരുചക്രവാഹനത്തിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻചക്രം ഒടിഞ്ഞു. കൊറ്റനെല്ലൂർ സ്വദേശിയായ യുവാവ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബസ്സ് ഡ്രൈവര്‍ ആളൂർ സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ സലസ്റ്റിനെയും (33) ബസ്സും ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു. ആളൂർ സ്റ്റേഷന്‍ റൗഡി ലിസ്റ്റിൽ പേരുള്ള സലസ്റ്റിൻ സ്പിരിറ്റ് കടത്തു കേസിലും വധശ്രമക്കേസിലും പ്രതിയാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയമിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെയും ബസ് ഉടമകൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ അറിയിച്ചു.

