Site iconSite icon Janayugom Online

600 ജീവനക്കാരെ പിരിച്ചുവിട്ട് ഓയോ

പ്രമുഖ ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഓയോ 600 ജീവനക്കാരെ പിരിച്ചുവിടുന്നു. തങ്ങളുടെ 3,700 ജീവനക്കാരില്‍നിന്നു 10 ശതമാനം പേരെ ഒഴിവാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. അതേസമയം റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് ടീമുകളിലേക്ക് 250 പേരെ പുതുതായി നിയമിക്കുമെന്നും ഐപിഒ കമ്പനിയായ ഓയോ അറിയിച്ചു.

കമ്പനിയുടെ പ്രവര്‍ത്തന ഘടനയില്‍ വ്യാപകമായ മാറ്റങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നു ട്രാവല്‍ ടെക് കമ്പനിയായ ഓയോ പറയുന്നു. പ്രൊഡക്ട്സ്, എൻജിനീയറിങ്, കോര്‍പറേറ്റ് ഹെഡ്ക്വാര്‍ട്ടേഴ്സ്, ഓയോ വെക്കേഷന്‍ ഹോംസ് ടീമുകളില്‍നിന്നാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. പാര്‍ട്ണര്‍ റിലേഷന്‍ മാനേജ്മെന്റിലേക്കും ബിസിനസ് ഡെവലപ്മെന്റ് ടീമുകളിലേക്കുമാണ് പുതിയ റിക്രൂട്ട്‌മെന്റ്. പിരിച്ചുവിടല്‍ പ്രക്രിയയില്‍ കഴിയുന്നത്ര ജീവനക്കാരെ സഹായിക്കുമെന്നും ശരാശരി മൂന്നു മാസം വരെ അവരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

കോവിഡിനെത്തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് നിരവധി കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ട്വിറ്ററും മെറ്റയും ഉള്‍പ്പെടെയുള്ള വന്‍കിട ടെക് കമ്പനികള്‍ അടുത്തിടെ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. നിരവധി ഐടി കമ്പനികളും എഡ്യൂടെക് സ്റ്റാര്‍ട്ടപ്പുകളും ഇതേ പാതയിലാണ്.

Eng­lish Summary:Oyo lays off 600 employees
You may also like this video

Exit mobile version