Site iconSite icon Janayugom Online

ഓസോൺ പാളി- ശോഭനമായ ഭാവിയുടെ പ്രതീക്ഷാകവചം

ഭൂമിയുടെ അന്തരീക്ഷത്തിലെ രണ്ടാമത്തെ പാളിയായ സ്ട്രാറ്റോസ്ഫിയറിലെ നേർത്ത ഭാഗമാണ് ഓസോൺ പാളി. ഭൂമിയിൽ ജീവൻ സംരക്ഷിക്കുന്നതിൽ ഓസോൺ പാളിയുടെ നിർണായക പങ്കിനെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകളെ ബോധവൽക്കരിക്കുകയെന്നതാണ് ഓസോൺ ദിനത്തിന്റെ പ്രാഥമികമായ ലക്ഷ്യം. ഭൂമിയുടെ രക്ഷാകവചമായാണ് ഓസോൺ പാളി നിലനിൽക്കുന്നത്. സൂര്യനിൽ നിന്നും പ്രവഹിക്കുന്ന അപകടകരമായ രശ്മികളിൽ നിന്നും ഭൂമിയെയും സകല ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ആവരണം കൂടിയാണിത്. ഭൂമിയിൽ മനുഷ്യൻ നടത്തിവരുന്ന അനിയന്ത്രിത ചൂഷണങ്ങളുടെ തോത് ക്രമാതീതമായി വർധിച്ചതാണ് ഓസോൺ പാളിയുടെ തകർച്ചയുടെ പ്രധാന കാരണം. ഓസോൺ പാളിയെ സംരക്ഷിച്ച് ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ലോകമെമ്പാടും നടന്നുവരുന്നുണ്ട്. ഓസോൺ സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമമിപ്പിച്ച് എല്ലാവർഷവും സെപ്റ്റംബർ 16ന് ലോക ഓസോൺ ദിനമായി ആചരിച്ചുവരുന്നു. 2024ലെ ലോക ഓസോൺ ദിനത്തിന്റെ തീം “ഓസോൺ ഫോർ ലൈഫ്” എന്നതാണ്. ഭൂമിയിലെ ജീവന്റെ സംരക്ഷണത്തിന് ഓസോൺ പാളിയുടെ പ്രാധാന്യവും അതിന്റെ വീണ്ടെടുപ്പിൽ മോൺട്രിയൽ പ്രോട്ടോക്കോളിന്റെ പങ്കും ഈ തീമിലൂടെ പ്രതിപാദിക്കുന്നു. 

മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്നതാണ് ഓസോൺ. ഭൂമിയുടെ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോൺ എന്ന സംരക്ഷണ കവചം സ്ഥിതി ചെയ്യുന്നത്. ഭൂമിയിൽനിന്ന് ഏകദേശം 15 മുതൽ 30 കിലോമീറ്റർ വരെ ഉയരത്തിലുള്ള വാതക പാളിയാണിത്. ഓസോണുകൾ ചേർന്നുണ്ടാകുന്ന അന്തരീക്ഷ പാളി സൂര്യനിൽ നിന്നും വരുന്ന അപകടകാരികളായ അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിർത്തി ജീവജാലങ്ങളെ സംരക്ഷിക്കുന്നു. ഭൂമിയിൽ പതിക്കുന്ന ഈ വികരണങ്ങളുടെ അതിതീവ്രത കാരണം ആളുകളിൽ ത്വക്ക് കാൻസർ, തിമിരം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുവാനും കാരണമാകുന്നു. മണം എന്നർത്ഥമുള്ള ഒസീൻ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഓസോൺ എന്ന പേര് രൂപപ്പെട്ടത്. 1839ൽ ജർമ്മൻ ശാസ്ത്രജ്ഞനായ ക്രിസ്ത്യൻ ഫെഡറിക് സ്കോൺബീൻ തന്റെ പരീക്ഷണശാലയിൽ അസാധാരണമായ ഒരു ഗന്ധം പരക്കുന്നതായി ശ്രദ്ധിച്ചു. ഇതൊരു പുതിയ പദാർത്ഥം ഉല്പാദിപ്പിക്കപ്പെട്ടതുകൊണ്ടാണെന്ന് അദ്ദേഹം കണ്ടെത്തുകയും അതിന് ഓസോൺ എന്ന പേരുവിളിക്കുകയും ചെയ്തു. 

മനുഷ്യൻ ചെയ്തുകൂട്ടുന്ന അശാസ്ത്രീയമായ പ്രവർത്തനങ്ങളാണ് ഓസോൺ പാളിയുടെ ശോഷണത്തിന് പ്രധാനമായും കാരണമാകുന്നത്. നൈട്രസ് ഓക്സൈഡ്, നൈട്രിക് ഓക്സൈഡ് എന്നീ വാതക തന്മാത്രകൾക്കും ക്ലോറിൻ, ബ്രോമിൻ എന്നീ വാതകങ്ങളുടെ ആറ്റങ്ങൾക്കും ഓസോണിനെ വിഘടിപ്പിക്കുവാൻ കഴിയുന്നു. എയർ കണ്ടീഷണറുകളിലും റഫ്രിജറേറ്ററുകളിലും ശീഥീകരണത്തിനായി ഉപയോഗിക്കുന്ന ക്ലോറോഫ്ലൂറോകാർബണുകൾ ക്രമേണ ലീക്ക് ചെയ്ത് സ്ട്രാറ്റോസ്ഫിയറിൽ എത്തി വിഘടിച്ച് ക്ലോറിൻ ഉണ്ടാകുന്നു. ഇത് ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കുന്നു. ഒരു ക്ലോറിൻ ആറ്റത്തിന് ഒരു ലക്ഷം ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കുവാൻ കഴിയും. ഓസോൺ പാളിയിൽ വിള്ളൽ ഉണ്ടാകുന്നതോടെ അൾട്രാവയലറ്റ് ഉൾപ്പെടെയുള്ള മാരകമായ രശ്മികൾ അധികമായി ഭൂമിയിലേക്ക് പതിക്കുന്നു. ഇത് ഭൂമിയിലെ ചൂട് വർധിക്കുവാൻ കാരണമാകും. ചൂട് വർധിക്കുന്നതോടെ മഞ്ഞുമലകൾ ഉരുകുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനും ക്രമേണ കാരണമാകുന്നു. കാലം തെറ്റിയുള്ള മഴയും കനത്ത ചൂടുമെല്ലാം ഇതിന്റെ പരിണിതഫലമാണെന്ന് പറയേണ്ടിവരും. അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം മനുഷ്യരുടെയും സകല ജീവജാലങ്ങളുടെയും ആരോഗ്യത്തെയും നിലനില്പിനെയും പ്രതികൂലമായി ബാധിക്കും. ഓസോൺ സംരക്ഷണത്തിന്റെ ഭാഗമായി ശീതീകരണ ഉപകരണങ്ങളിൽ ഓസോൺ സൗഹൃദ സംയുക്തങ്ങളാണ് നിലവിൽ ഉപയോഗിച്ചുവരുന്നത്. 

ഓസോൺ പാളിയുടെ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ എല്ലാവർഷവും സെപ്റ്റംബർ 16ന് ഓസോൺ ദിനം വളരെ വിപുലമായി ആചരിച്ചുവരുന്നു. 1913 ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞരായ ചാൾസ് ഫാബ്രിയും ഹെൻട്രി ബ്യൂസണും ചേർന്നാണ് ഓസോൺ പാളി കണ്ടെത്തിയത്. 1985 മേയ് മാസത്തിൽ അന്റാർട്ടിക്കയിൽ ആണ് ആദ്യത്തെ ഓസോൺ ദ്വാരം കണ്ടെത്തിയത്. പിന്നീട് അന്റാർട്ടിക്ക മുഴുവൻ ഇതിന്റെ പരിണിതഫലങ്ങൾ ബാധിച്ചതായും താപനില ക്രമേണ ഉയരാൻ തുടങ്ങിയതായും നാസ കണ്ടെത്തിയിട്ടുണ്ട്. 1987ൽ കാനഡയിലെ മോൺട്രിയലിൽ നടന്ന 46 രാജ്യങ്ങൾ പങ്കെടുത്ത കാലാവസ്ഥാ ഉച്ചകോടിയിൽ ഓസോൺ പാളിയുടെ ശോഷണം തടയാനുള്ള പെരുമാറ്റച്ചട്ടം രൂപീകരിക്കുകയും ലോകമെമ്പാടും ഇതിന്റെ പ്രചരണം ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായി 1995 മുതൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഓസോൺ ദിനം വളരെ സമുചിതമായി ആചരിച്ചു വരുന്നു. മനുഷ്യന്റെ കൈകടത്തലുകളുടെ അനന്തരഫലമായ ഓസോൺ പാളിയുടെ ശോഷണത്തെ ഇനിയെങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലായെങ്കിൽ ഭൂമിയിൽ അതിജീവനം സാധ്യമാകില്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് മോൺട്രിയൽ പ്രോട്ടോക്കോൾ. മനുഷ്യൻ ചെയ്തുവരുന്ന ഓരോ പ്രവൃത്തികളും ഭൂമിയുടെ നിലനില്പിനുകൂടി ഇണങ്ങുന്ന നിലയിലാകണമെന്ന ചിന്തയാണ് ഈ ദിനം ഓർമ്മപ്പെടുത്തുന്നത്. ഓസോണിനെ നിരന്തരം നാശമാക്കിക്കൊണ്ടിരിക്കുന്ന പദാർത്ഥങ്ങളുടെ ഉല്പാദനം ക്രമേണ അവസാനിപ്പിച്ചുകൊണ്ടുള്ള പരിപാലന പ്രവർത്തനങ്ങൾ തുടങ്ങിയാൽ മാത്രമേ മനുഷ്യന് സുരക്ഷിതമായി ഭൂമിയിൽ അധിവസിക്കുവാൻ സാധിക്കുകയുള്ളൂവെന്ന തിരിച്ചറിവുണ്ടാകണം. 

Exit mobile version