Site icon Janayugom Online

സംസ്ഥാനം പച്ചക്കറി സ്വയംപര്യാപ്തതയിലേക്ക്: കൃഷിമന്ത്രി പി പ്രസാദ്

കാര്‍ഷിക മേഖലയില്‍ മുന്നേറ്റം കൈവരിച്ച സംസ്ഥാനത്തിന് മനസ്സുവച്ചാല്‍ പച്ചക്കറി ഉലപാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. വിള വൈവിധ്യവല്‍ക്കരണം മുന്നില്‍കണ്ട് ഒല്ലൂര്‍ കൃഷി സമൃദ്ധി ആവിഷ്‌കരിച്ച പോഷക സമൃദ്ധി പദ്ധതിയുടെ ഉല്‍പന്ന സമാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ കൂടുതലായി ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ സൂക്ഷിച്ച് വെച്ച് അവശ്യ സമയത്ത് വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കര്‍ഷകന് പ്രയോജനം ലഭിക്കൂ. കര്‍ഷകരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 25 ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ സംസ്ഥാനത്ത് രൂപീകരിച്ചിട്ടുണ്ട്. മുരിങ്ങയില ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ മുല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി അന്താരാഷ്ട്ര വിപണന സാധ്യത കണ്ടെത്തണമെന്നും ഇതിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റമാണ് നടക്കുന്നതെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. 2018–2019 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച ജൈവ കാര്‍ഷിക നിയോജക മണ്ഡലത്തിന് കൃഷി വകുപ്പില്‍ നിന്ന് ലഭിച്ച അവാര്‍ഡ് തുകയായ 10 ലക്ഷം രൂപ ഉപയോഗിച്ച് ആവിഷ്‌കരിച്ച പദ്ധതിയാണ് ഒല്ലൂര്‍ കൃഷി സമൃദ്ധി. വിത്ത് മുതല്‍ വിപണി വരെ കര്‍ഷകര്‍ക്ക് താങ്ങാവുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ സംരംഭങ്ങളുടെയും ഒല്ലൂര്‍ കൃഷി സമൃദ്ധി കര്‍ഷക സംഘ ഗ്രൂപ്പുകളുടെയും സഹകരണത്തോടെയാണ് ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നത്. മുരിങ്ങയിലയില്‍ നിന്നുള്ള മൂന്ന് ഉല്‍പന്നങ്ങളായ മുരിങ്ങ പൗഡര്‍, മുരിങ്ങ റൈസ് പൗഡര്‍, മുരിങ്ങ സൂപ്പ് പൗഡര്‍ എന്നിവയാണ് ഒല്ലൂര്‍ കൃഷി സമൃദ്ധിയുടെ ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്നത്. മരോട്ടിച്ചാല്‍ അമൃത കിരണം സ്വയം സഹായ സംഘം വഴിയാണ് മുരിങ്ങയിലപ്പൊടി, മുരിങ്ങ അരിപ്പൊടി, മുരിങ്ങ സൂപ്പ് പൊടി എന്നീ മൂല്യ വര്‍ധിത ഉല്‍പന്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇതിന് പുറമെ മുരിങ്ങയില ഉപയോഗിച്ച് രസം പൗഡര്‍, ചമ്മന്തിപ്പൊടി, ചൂര്‍ണം, പായസം മിക്‌സ് തയ്യാറാക്കി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ലക്ഷ്യമിടുന്നുണ്ട്.


ഒല്ലൂക്കര ബ്ലോക്ക് ഹാളില്‍ നടന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആര്‍ രവി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി വി ജയശ്രീ, വിത്ത് വികസന അതോറിറ്റി അഡീഷണൽ ഡയറക്ടർ ഉമ്മൻ തോമസ്, കൃഷി സമൃദ്ധി കണ്‍വീനര്‍ പി സി സത്യവര്‍മ്മ, ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കുടുംബശ്രീ അംഗങ്ങള്‍, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish sum­ma­ry;  p prasad inaguration

You may also like this video;

Exit mobile version