Site icon Janayugom Online

വിജിലൻസ് പരാതിക്കാരുടെ മൊഴിയെടുത്തു; പുനർജനി പദ്ധതിയിൽ വൻ അഴിമതിയാണ് വി ഡി സതീശൻ നടത്തിയതെന്ന് പി രാജു

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വന്‍ അഴിമതിയാണ് നടത്തിയതെന്ന് സിപിഐ നേതാവും മുൻ പറവൂർ എംഎൽഎയുമായ പി രാജു. പദ്ധതിയില്‍പ്പെടുത്തി ഒരു വീട് പോലും നിയോജകമണ്ഡലത്തിൽ നൽകിയിട്ടില്ല. വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട കണക്കുകളിൽ കൃത്യതയില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതിയായ പുനർജനി തട്ടിപ്പുമായി ബന്ധപ്പെട്ട് പി രാജു വിജിലൻസ് മുമ്പാകെ മൊഴി നൽകി. സിഎസ്ആർ ഫണ്ട് എത്ര ലഭിച്ചുവെന്നോ ആര് നൽകിയെന്നോ എന്നൊന്നും ഇനിയും വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്
തിരുവനന്തപുരം സ്വദേശിയായ വനിത ബർമിങ്ഹാമിൽ നിന്ന് പണവുമായി എത്തിയെന്ന് സതീശൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇതാരെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. 500 പൗണ്ട് വീതം സംഭാവന നൽകണമെന്ന് സതീശൻ ബർമിങ്ഹാമിൽ പ്രസംഗിച്ചിരുന്നുവെന്നും മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പി രാജു പറഞ്ഞു. എംഎൽഎ ആയ ശേഷം അദ്ദേഹം 81 തവണയോളം വിദേശത്ത് പോയി. പ്രളയത്തിന് ശേഷം 20 തവണയോളം പോയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് പണം കിട്ടിയിട്ടുണ്ടെങ്കിൽ അത് ജനങ്ങളെ ബോധ്യപ്പെടുത്തണം. 2020ൽ തന്നെ തെളിവുകളെല്ലാം ശേഖരിച്ച് രേഖാമൂലം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ് നടന്നതെന്നും പി രാജു പറഞ്ഞു.
പുനർജനി റോഡുമായി ബന്ധപ്പെട്ട് പരാതി നൽകിയ അബ്ദുൾ സലാമിന്റെ മൊഴിയും വിജിലൻസ് അന്വേഷണ സംഘം രേഖപ്പെടുത്തി. ഭൂമാഫിയക്ക് വേണ്ടിയാണ് റോഡ് നിർമ്മിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ കൈവശമുണ്ടെന്നും സലാം മൊഴി നൽകി. നേരത്തെയും വിവാദത്തിലകപ്പെട്ട വ്യക്തിയുടെ ഭൂമിയിലൂടെയാണ് റോഡ് നിർമിച്ചത്. പാവപ്പെട്ടവർക്ക് വീടുവെക്കാൻ ഭൂമി നൽകിയെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്. ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താതെയാണ് ഇത്തരത്തിൽ ഭൂമി തരം മാറ്റിയതെന്നും സലാം മൊഴി നൽകിയിട്ടുണ്ട്.

eng­lish sum­ma­ry; P Raju said that VD Satheesan had com­mit­ted a huge cor­rup­tion in Punar­jani project

you may also like this video;

Exit mobile version