Site icon Janayugom Online

ഇന്ത്യന്‍ പാര്‍ലമെന്റ് മോഡിയുടെ ഭജന സംഘമല്ല: പി സന്തോഷ് കുമാര്‍

p santhoshkumar

ഇന്ത്യന്‍ പാര്‍ലമെന്റ് മോഡിക്ക് വേണ്ടി ഭജന പാടുന്ന ഒരു സംഘമല്ലെന്ന് അഡ്വ. പി സന്തോഷ് കുമാര്‍ എംപി. പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന് സസ്പെന്‍ഷന്‍ ചെയ്യപ്പെട്ടതിന് പിന്നാലെയാണ് എം പിയുടെ പ്രതികരണം. ജനങ്ങളെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അല്ലെങ്കില്‍ എന്തിനാണ് പാര്‍ലമെന്റ് സമ്മേളനമെന്നും ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പിലൂടെ അദ്ദേഹം ചോദിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നാട്ടിലെ മഹാഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന അതീവഗുരുതരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അനുവാദം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് പാർലമെന്റ് സമ്മേളനം? രണ്ടോ മൂന്നോ മണിക്കൂർ ഗൗരവപൂർവം ചർച്ച ചെയ്ത് പരിഹാരം കാണാനുള്ള സമയം എംപിമാർക്ക് ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് സ്വയം ജനപ്രതിനിധികൾ എന്ന് വിളിക്കുന്നത്? കഴിഞ്ഞ ഒരാഴ്ചയായി ശ്രമിച്ചിട്ടും വിലക്കയറ്റം ചർച്ച ചെയ്യാൻ സമ്മതിക്കാത്തത് കൊണ്ടാണ് ഇന്ന് ഞങ്ങൾക്ക് നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കേണ്ടി വന്നത്. ന്യായമായ ആവശ്യം അംഗീകരിക്കുന്നതിന് പകരം ഞാനും ശിവദാസനും, റഹീമും അടക്കമുള്ള പത്തൊൻപത് എംപിമാരെ സസ്‌പെൻഡ് ചെയ്തത് ജനങ്ങളോടുള്ള അവഹേളനം ആയിട്ടാണ് കാണുന്നത്.
ഭരണവിലക്കയറ്റവും, തൊഴിലില്ലായ്മയും ഇന്ധനവിലവർദ്ധനവും മൂലം ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും നിസ്സംഗമായി മുഖം തിരിക്കുകയാണ് ബിജെപി സർക്കാർ. കഴിഞ്ഞ ഒരാഴ്ചയായി രാജ്യസഭയിൽ ഉന്നയിക്കുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും സംബന്ധിച്ച ചോദ്യങ്ങൾക്ക് ലഭിച്ച നിഷേധാത്മകമായ ഉത്തരങ്ങളും തെളിയിക്കുന്നത് ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളെക്കുറിച്ചു ഈ സർക്കാരിന് യാതൊരു ആശങ്കയും ഇല്ലെന്നു തന്നെയാണ്.
We the peo­ple of India എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന ഒരു ഭരണഘടനയുള്ള ഈ ജനാധിപത്യ രാഷ്ടത്തിൽ ജനങ്ങൾ ആണ് പരമാധികാരത്തിന്റെ സ്രോതസ് എന്ന് ഭരണാധികാരികൾ മറന്നുപോകുമ്പോൾ അത് ഓർമ്മിപ്പിക്കേണ്ട കടമ ജനപ്രതിനിധികൾക്ക് ഉണ്ട്. ഭരണഘടനയും പാർലിമെന്ററി നടപടി ക്രമങ്ങളും അനുസരിച്ചു തന്നെയാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകിയത്. പക്ഷെ തുടർച്ചയായി അനുമതി നിഷേധിക്കപ്പെടുമ്പോൾ എന്താണ് എംപിമാർ ചെയ്യേണ്ടത്? ഇന്ത്യൻ പാർലമെന്റ് മോദിക്ക് വേണ്ടി ഭജന പാടുന്ന ഒരു ഭക്തജനസംഘമല്ല. സംവാദത്തിനും, പ്രതിഷേധത്തിനും കൂടിയുള്ള ഇടമാണ്. ആ അവകാശം ഓരോ പാർലമെന്റ് അംഗത്തിനും നൽകിയിരിക്കുന്നത് മോദിയും ബിജെപിയും അല്ല. മറിച്ച്, ബിജെപി പിറവിയെടുക്കുന്നതിനും എത്രയോ മുൻപ് ഈ മണ്ണിൽ ഉറച്ചുപോയ പാർലിമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങൾ ആണ് .

അതുകൊണ്ടുതന്നെ ആ അവകാശങ്ങൾ ഉപയോഗിച്ച് കൊണ്ട് ഇനിയും ഞങ്ങൾ രാജ്യസഭക്ക് അകത്തും പുറത്തും ശക്തമായി പോരാടും.ബിജെപി സർക്കാരിന്റെ ജനവിരുദ്ധ കോർപറേറ്റ് ദാസ്യ നയപരിപാടികളുടെ ഉള്ളടക്കം തുറന്നു കാട്ടാൻ തന്നെയാണ് തീരുമാനം.

Eng­lish Sum­ma­ry: P San­thoshku­mar against modi government

You may like this video also

Exit mobile version