നാലാംഘട്ട പര്യടനത്തിന് ഇന്നലെ തുടക്കമിട്ട എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ നഗരസഭയിലെ വോട്ടർമാരെ കാണുന്നതിനാണ് ഇന്നലെ കൂടുതൽ സമയം ചെലവഴിച്ചത്. മാങ്കാവിന് സമീപം എടിആർ തെരുവിൽ നിന്നാണ് പ്രചരണത്തിന് തുടക്കമിട്ടത്. തുടന്ന് മാങ്കാവിലെത്തിയ സ്ഥാനാർത്ഥി ജനങ്ങൾക്കൊപ്പം സെൽഫിയെടുത്തും ചിഹ്നം പരിചയപ്പെടുത്തിയും ഏറെനേരം സംസാരിച്ചു.
പിന്നീട് താണാവ് അങ്കണവാടിയിലെത്തി കുട്ടികളുടെ രക്ഷിതാക്കളോട് വോട്ടഭ്യർത്ഥിച്ചു. കൊച്ചു കൂട്ടുകാർക്കൊപ്പം കഥ പറഞ്ഞും പേരുകൾ ചോദിച്ചും അവരിൽ ഒരാളായി മാറി. കൊമ്പൻകുഴിയിലും കൊപ്പത്തും നരികുത്തിയിലും മന്ദത്തും വോട്ടഭ്യർത്ഥിച്ച സ്ഥാനാർത്ഥി കണ്ടുമുട്ടിയ എല്ലാവരോടും വിശേഷങ്ങള്‍ തിരക്കുന്നതും കാണാമായിരുന്നു. കല്ലേപ്പുള്ളിയിലും പുത്തൂർ ചന്ത ജങ്ഷനിലും വലിയപാടം വഴി മണല്‍മന്തയിലും പര്യടനം നടത്തി. നീലിക്കാട്ടും താണാവിലും നടന്ന പര്യടനത്തിനു ശേഷം കുമാരസ്വാമി കോളനിയിൽ സമാപിക്കുമ്പോഴേക്കും നിരവധി വാഹനങ്ങളും പ്രവർത്തകരും സ്ഥാനാർത്ഥിയെ സ്വീകരിക്കാന്‍ എത്തിച്ചേർന്നിരുന്നു. 20ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്റ്റെതസ്കോപ്പ് ചിഹ്നത്തിൽ തനിക്ക് വോട്ട് ചെയ്യണമെന്ന് ഡോ. സരിൻ അഭ്യർത്ഥിച്ചു.
വെെകിട്ട് മൂത്താൻതറയിൽ നിന്നാരംഭിച്ച ജാഥ മേപ്പറമ്പ് മിഷൻ കോമ്പൗണ്ട് വഴി നൂറടി ജങ്ഷൻ വഴി കുന്നത്തൂർ മേടിലെത്തി. കല്ലേക്കാടും യാക്കരയിലും സന്ദർശനം നടത്തിയ സരിൻ വെണ്ണക്കര മണലാഞ്ചേരി വഴി ഇസത്ത് നഗറിൽ പര്യടനം അവസാനിപ്പിച്ചു.