Site iconSite icon Janayugom Online

പത്തിയൂർ കരിപ്പുഴ ഉള്ളിട്ട പുഞ്ചയിൽ നെൽകൃഷി തുടങ്ങി

പ്രതിസന്ധികൾക്ക് ഒടുവിൽ പത്തിയൂർ ഗ്രാമപഞ്ചായത്തിലെ പത്തിയൂർ കരിപ്പുഴ ഉള്ളിട്ട പുഞ്ചയിൽ നെൽകൃഷി ഇറക്കി. കഴിഞ്ഞ തവണ ചെയ്ത കൃഷിയിൽ നൂറുമേനി വിളയിക്കാൻ കഴിഞ്ഞുവെങ്കിലും അപ്രതീക്ഷിതമായി പാടങ്ങളിൽ പലയിടത്തും വെള്ളം കയറിയിരുന്നു. ആ പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് മികച്ച വിളയായിരുന്നു അന്ന് ലഭിച്ചത്. ഈ ആത്മവിശ്വാസത്തോടെയാണ് ഇത്തവണയും കൃഷി ഇറക്കിയിരിക്കുന്നത്. തരിശുരഹിത പത്തിയൂർ പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെയാണ് ഇവിടുത്തെ 250 ഏക്കറോളം വരുന്ന പാടത്ത് കൃഷി ചെയ്യുന്നത്.

ഡി വൺ, ജ്യോതി എന്നീ ഇനങ്ങളിൽ പെട്ട വിത്താണ് വിതച്ചത്. 100 ഏക്കറോളം വരുന്ന പാടത്ത് ഡി വണ്ണും ബാക്കിയുള്ള പാടത്ത് ജ്യോതി ഇനത്തിൽപെട്ട വിത്തും വിതക്കും. വിത്ത് പൂർണമായും സർക്കാർ സൗജന്യമായി നൽകുന്നുണ്ട്. കൃഷിക്ക് ആവശ്യമായ മറ്റു സഹായങ്ങളും പത്തിയൂർ കൃഷിഭവനിൽ നിന്നും ലഭ്യമാണ്. പത്തിയൂർ പഞ്ചായത്ത് നെല്ലുല്പാദന സമിതിയുടെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. വിതയുത്സവം പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ നിർവഹിച്ചു. സമിതി പ്രസിഡണ്ട് സാംജിത്ത് അധ്യക്ഷത വഹിച്ചു. സമിതി സെക്രട്ടറി കെ കെ ജോൺ കൃപാലയം സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം കെ ജി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, ചേപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് വേണു കുമാർ, കൃഷി ഓഫീസർ ഷാൽമ എന്നിവർ പങ്കെടുത്തു.

Exit mobile version