Site iconSite icon Janayugom Online

കുട്ടനാട്ടിലെ രണ്ടാം കൃഷിയുടെ നെല്ല് സംഭരണം പുരോഗമിക്കുന്നു

കുട്ടനാട് പാടശേഖരങ്ങളില്‍ പുരോഗമിക്കുന്ന രണ്ടാം കൃഷിയുടെ നെല്ല് സംഭരണം ഊര്‍ജിതമാക്കി സപ്ലൈകോ. കൊയ്ത്തിനും സംഭരണത്തിനും മഴ ഭീഷണിയായി നില്‍ക്കുന്ന സാഹചര്യത്തില്‍ യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കൃഷിവകുപ്പും സപ്ലൈക്കോയും സംയുക്തമായി നടത്തുന്നത്. കൂടുതല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ എത്തിച്ച് കഴിഞ്ഞു. ജില്ലയിലാകെ 22 പാടശേഖരങ്ങളില്‍ നിന്നായി 9107.202 ഹെക്‌ടറിലാണ്‌ ഇക്കുറി രണ്ടാംകൃഷി. മെച്ചപ്പെട്ട വിളവാണെന്ന്‌ കർഷകർ പറയുന്നു. കുട്ടനാട്ടിലാണ് കൂടുതലും കൊയ്ത്ത് നടക്കുന്നത്.
11,500 കര്‍ഷകരാണ് ഇതുവരെ നെല്ല് സംഭരണത്തിനായി സപ്ലൈക്കോയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 248.04 ഹെക്ടറിലുള്ള ഒമ്പത് പാടശേഖരങ്ങളിലെ കൊയ്ത്ത് പൂര്‍ത്തിയായി. ഇന്നലെ വരെ 922.05 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ച് കഴിഞ്ഞു. ഇതുവരെ 4,000 ലോഡ് നെല്ല് സപ്ലൈക്കോയില്‍ എത്തിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഇനി 92 ലോഡുകൂടി ലഭിക്കുമെന്നാണ് പ്രതീക്ഷ. എടത്വ, ചമ്പക്കുളം, പുന്നപ്ര വടക്ക്- തെക്ക്, പുറക്കാട്, നീലംപേരൂര്‍ എന്നിവിടങ്ങളിലാണ് കൊയ്ത്ത് നടക്കാനുള്ളത്. 

അമ്പലപ്പുഴ സൗത്തിൽ കരിങ്ങലത്തറ, പുറക്കാട്‌ വടക്ക്‌ നാലുചിറ, എടത്വ ദേവസ്വം വരമ്പിനകം, താങ്കരി ചിറയ്‌ക്കകം, ചുങ്കം എടച്ചുങ്കം, മുക്കോടിതെക്ക്‌ എന്നീ പാടശേഖരങ്ങളിൽ വിളവെടുപ്പ്‌ പൂർണമാണ്‌. കനത്തമഴയിൽ പുന്നപ്ര വടക്ക്‌ നാലുചിറയിൽ ഒരുഹെക്‌ടറിൽ കൃഷിനാശം ഉണ്ടായി. രണ്ടാം കൃഷിയുടെ നെല്ല് സംഭരണത്തിനൊപ്പം മുമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക തുകയും സപ്ലൈകോ വിതരണം ചെയ്ത് വരുകയാണ്. 31,049 കര്‍ഷകരായിരുന്നു പുഞ്ചകൃഷി സമയത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. 354.87 ലക്ഷം മെട്രിക‌്ടണ്‍ നെല്ലായിരുന്നു അന്ന് സംഭരിച്ചത്. നേരിട്ടും ബാങ്കുവഴിയുമായി 250 കോടി രൂപ കര്‍ഷകര്‍ക്ക് എത്തിച്ച് കഴിഞ്ഞു. ബാക്കിയുള്ള 95 കോടി രൂപയുടെ വിതരണവും നടത്തിവരുകയാണ്. ഇത് ഉടന്‍ തന്നെ കൊടുത്ത് തീര്‍ക്കാനാണ് സപ്ലൈകോ അധികൃതര്‍ പറയുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലം കൂട്ടനാട് അടക്കമുള്ള കാര്‍ഷിക മേഖലയില്‍ വന്‍ നഷ്ടമാണ് സംഭവിക്കുന്നത്. കഴിഞ്ഞ മഴയില്‍ ജില്ലയില്‍ 10 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചിരുന്നു. കൊയ്ത്ത് നടക്കുന്ന വേളയില്‍ അഞ്ചോളം പാടശേഖരങ്ങളില്‍ മടവീഴ്ച സംഭവിക്കുകയും ചെയ്തു. യന്ത്രങ്ങള്‍ ചെളിയില്‍ താഴ്ന്ന് പോയതോടെ കൊയ്ത്ത് നിര്‍ത്തി വയ്ക്കേണ്ട സാഹചര്യവും ഉണ്ടായി.

Eng­lish Summary:Paddy pro­cure­ment for the sec­ond crop in Kut­tanad is in progress
You may also like this video

Exit mobile version