Site iconSite icon Janayugom Online

നെല്ല് സംഭരണവില വിതരണം ഊർജിതം: മന്ത്രി ജി ആർ അനിൽ

2023–24 ലെ ഒന്നാം വിള നെല്ല് സംഭരണവില വിതരണം ഊര്‍ജിതമായി നടന്നുവരികയാണെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. എസ്ബിഐ, കാനറാ ബാങ്കുകൾ മുഖേന പിആർഎസ് വായ്പയായാണ് സംഭരണവില വിതരണം ചെയ്തുവരുന്നത്. ഈ സീസണിൽ ഇതുവരെ 40,086 കർഷകരിൽ നിന്നായി 1.18 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചിട്ടുള്ളത്. ഇതിന്റെ വിലയായി നൽകേണ്ടത് 334.36 കോടി രൂപയാണ്.

എസ്ബിഐ, കാനറാ ബാങ്കുകളുമായി ബന്ധപ്പെട്ട് സപ്ലൈകോ സംഭരണവില പിആർഎസ് വായ്പയായി നൽകുവാനുള്ള ക്രമീകരണങ്ങൾ നേരത്തെ തന്നെ ഏർപ്പെടുത്തുകയും കർഷകരുടെ പട്ടിക ബാങ്കുകൾക്ക് കൈമാറുകയും ചെയ്തിരുന്നു. സംഭരണവില പിആർഎസ് വായ്പയായി വിതരണം ചെയ്യുന്ന നടപടി ഊർജിതമായി മുന്നോട്ടുപോകുകയാണ്. ഈ സീസണിൽ സംഭരിക്കുന്ന നെല്ലിന്റെ വില പൂർണമായും കർഷകർക്ക് വിതരണം ചെയ്യുന്നതിന് തടസങ്ങളൊന്നും ഇല്ലെന്ന് മന്ത്രി അറിയിച്ചു. കർഷകർ ബാങ്ക് ശാഖകളെ സമീപിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി സംഭരണവില കൈപ്പറ്റേണ്ടതാണ്. രണ്ടാംവിള നെല്ല് സംഭരണത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഇതിനായി ബന്ധപ്പെട്ട പോർട്ടൽ തുറന്നതായും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: Pad­dy pro­cure­ment price dis­tri­b­u­tion : Min­is­ter G R Anil
You may also like this video

Exit mobile version