Site iconSite icon Janayugom Online

നെല്ല് സംഭരണം: കര്‍ഷകര്‍ക്ക് 186.51 കോടി രൂപ നല്‍കി

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം. ഇന്നലെ മാത്രം 186.51 കോടി രൂപ കര്‍ഷകര്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് നല്‍കി. 15,502 കര്‍ഷകര്‍ക്കായാണ് ഈ തുക നല്‍കിയത്. കാനറ ബാങ്ക് 11,750 കര്‍ഷകര്‍ക്കായി 138.52 കോടി രൂപയാണ് ഇന്നലെ നല്‍കിയത്.

ഫെഡറല്‍ ബാങ്ക് 3475 അക്കൗണ്ടുകളിലായി 45.63 കോടിയും എസ്ബിഐ 277 പേര്‍ക്കായി 2.36 കോടിയുമാണ് നല്‍കിയത്. എസ്ബിഐ, കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും എടുത്തിട്ടുള്ള 700 കോടി രൂപ പിആര്‍എസ് വായ്പയായി അഞ്ച് ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചിരുന്നു.

പിആര്‍എസ് വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കണ്‍സോര്‍ഷ്യത്തിലെ ചില ബാങ്കുകളുടെ ഭാഗത്തു നിന്നുണ്ടായ കാലതാമസം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് അത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് എല്ലാ ജില്ലകളിലും കര്‍ഷകര്‍ക്ക് തുക ലഭിക്കുന്നതില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തല്‍.

Eng­lish Sum­ma­ry: Pad­dy pro­cure­ment: Rs 186.51 crore dis­bursed to farmers
You may also like this video

Exit mobile version