Site iconSite icon Janayugom Online

നടപ്പ് സീസണിലെ നെല്ല് സംഭരണവില 13 മുതൽ വിതരണം ചെയ്യും; മന്ത്രി ജി ആര്‍ അനില്‍

ഈ സീസണിലെ (2023–24ലെ ഒന്നാം വിള) നെല്ല് സംഭരണ പ്രവർത്തനങ്ങൾ നല്ല നിലയിൽ നടന്നുവരികയാണെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍. ഇതിനോടകം സംസ്ഥാനത്താകെ 17680.81 മെട്രിക് ടൺ നെല്ല് സംഭരിച്ചുകഴിഞ്ഞു. ആലപ്പുഴയിൽ 8808.735 മെട്രിക് ടണ്ണും കോട്ടയത്ത് 1466.5 മെട്രിക് ടണ്ണും പാലക്കാട് 6539.4 മെട്രിക് ടണ്ണും നെല്ലാണ് സംഭരിച്ചിട്ടുള്ളത്. ഈ സീസണിൽ നെല്ല് സംഭരണവില താമസം കൂടാതെ കർഷകർക്ക് കൊടുക്കാൻ കഴിയും. 13 മുതൽ സംഭരണവില പിആർഎസ് വായ്പയായി എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ വഴി വിതരണം ചെയ്തു തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.

പിആർഎസ് വായ്പ വഴിയല്ലാതെ സംഭരിച്ച നെല്ലിന്റെ തുക കൊടുക്കാൻ കഴിയാത്ത സാഹചര്യമാണ് സപ്ലൈകോയ്ക്ക് ഉള്ളത്. കർഷകരാണ് വായ്പ എടുക്കുന്നതെങ്കിലും തുകയും പലിശയും പിഴപ്പലിശ ഉണ്ടായാൽ അതും സപ്ലൈകോ പൂർണമായും അടച്ചുതീർക്കുന്നതാണ്. കർഷകന് ഇക്കാര്യത്തിൽ ബാധ്യതയൊന്നുമില്ല. സപ്ലൈകോയ്ക്കും സർക്കാരിനുമാണ് പൂർണമായ ഉത്തരവാദിത്തമെന്ന് മന്ത്രി വ്യക്തമാക്കി. ഈ സീസണിൽ കുട്ടനാട്ടിൽ സെപ്റ്റംബര്‍ 26നും പാലക്കാട് ഒക്ടോബര്‍ അഞ്ചിനും നെല്ലെടുപ്പ് തുടങ്ങി. 11 മില്ലുകളാണ് നെല്ല് സംഭരണ പ്രവർത്തനങ്ങളുമായി നിലവിൽ സഹകരിക്കുന്നത്.

മുൻവ‍ർഷങ്ങളിൽ ഔട്ട് ടേൺ റേഷ്യോ 64.5 ശതമാനമായി മില്ലുടമകളുമായി കരാർ ഒപ്പിട്ടിരുന്നുവെങ്കിലും നിലവിലുള്ള ഹൈക്കോടതി വിധി മൂലം കേന്ദ്രം നിശ്ചയിച്ച 68 ശതമാനത്തിൽ നിന്നും വ്യത്യസ്തമായ വിധത്തിൽ നിശ്ചയിക്കാൻ യാതൊരുവിധത്തിലും നിയമപരമായി സാധ്യമല്ല. ആയതിനാൽ ഈ റേഷ്യോ അംഗീകരിച്ചുകൊണ്ട് കരാർ ഒപ്പിടാൻ മറ്റ് മില്ലുകളും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും മില്ലുടമകളോട് അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഇനിയെന്തെങ്കിലും മാറ്റം ഉണ്ടാകുന്നതല്ല. കർഷകർക്ക് പ്രയാസമില്ലാതെ മുന്നോട്ടു പോകാൻ മില്ലുടമകൾ അടക്കമുള്ളവരെ സഹകരിപ്പിച്ച് മുന്നോട്ടുപോകുന്ന സമീപനമാണ് സർക്കാരിനുള്ളത്. പ്രളയത്തിൽ ഉപയോഗശൂന്യമായ നെല്ലിന്റെ നഷ്ടം നികത്തുന്നതിനായി 10 കോടി രൂപ സർക്കാർ അനുവദിച്ചത് ഇതിന്റെ ഭാഗമായിട്ടാണ്.

സംസ്ഥാാന പ്രോത്സാഹന ബോണസ് ഇനത്തിൽ 200 കോടി രൂപ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. ബാങ്കുകളിൽ നിന്നും പിആർഎസ് വായ്പയായി 170 കോടിയിലധികം രൂപ ഇനിയും ലഭ്യമാക്കാൻ കഴിയും. കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടാനുള്ള തുക നേടിയെടുക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ (2022–23 വർഷത്തെ രണ്ടാം വിള) ആകെ 2,50,373 കർഷകരിൽ നിന്നായി 7.31 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ച വകയിൽ നൽകേണ്ട തുകയായ 2061.94 കോടി രൂപയിൽ 2031.41 കോടി രൂപയും നൽകി കഴിഞ്ഞിട്ടുണ്ട്. ഇനി അയ്യായിരത്തോളം കർഷകർക്കായി മുപ്പത് കോടിയോളം രൂപയാണ് നൽകാൻ ബാക്കിയുള്ളത്. പിആർഎസ് വായ്പ എടുക്കാൻ തയ്യാറല്ലാത്തവരും സപ്ലൈകോ നേരിട്ട് പണം നൽകണം എന്ന് നിർബന്ധമുള്ളവരും ആണ് ഇവരിൽ ഭൂരിപക്ഷവും.

എന്‍ആര്‍ഐ അക്കൗണ്ട്, മൈനർ അക്കൗണ്ട്, കർഷകൻ മരണപ്പെട്ട കേസുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. നവംബർ 10-ാം തീയതിക്കുള്ളിൽ കുടിശിക ലഭിക്കാനുള്ള കർഷകർ അവരവർക്ക് അലോട്ട് ചെയ്ത ബാങ്കുകളിൽ നിന്ന് പിആർഎസ് വായ്പയായി തുക കൈപ്പറ്റേണ്ടതാണ്. ബാങ്കുകൾ ഇതിനോടകം അവരെ നേരിൽ ബന്ധപ്പെട്ടിട്ടുണ്ട്. അക്കൗണ്ടുമായി ബന്ധപ്പെട്ട് നിയമതടസമുള്ള കേസുകളിൽ (അതായത് മൈനർ അക്കൗണ്ട്, എന്‍ആര്‍ഐ അക്കൗണ്ട്, കർഷകന്റെ മരണം) ആവശ്യമായ നടപടി സ്വീകരിക്കാൻ സപ്ലൈകോയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: pad­dy stor­age price will dis­trib­ute from novem­ber 13
You may also like this video

Exit mobile version