Site iconSite icon Janayugom Online

പത്മശ്രീ ജേതാവ് സുബ്ബണ്ണ അയ്യപ്പന്റെ മൃതദേഹം കാവേരി നദിയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ഐസിഎആർ) മുൻ തലവനും പത്മശ്രീ പുരസ്കാര ജേതാവുമായ ഡോ. സുബ്ബണ്ണ അയ്യപ്പനെ (70) മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരിൽ നിന്ന് 20 കിലോമീറ്റർ അകലെ മാണ്ഡ്യയ്ക്കടുത്തുള്ള ശ്രീരംഗപട്ടണത്തിലെ കാവേരി നദിയിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പ്രദേശവാസികളാണ് നദിയിലൂടെ ഒഴുകി വന്ന മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ അവർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് ഡോ. സുബ്ബണ്ണ അയ്യപ്പന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു.

അദ്ദേഹത്തിന്റെ സ്കൂട്ടർ നദിക്കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മെയ് 7 മുതൽ അയ്യപ്പനെ കാണാനില്ലായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് മൈസൂരിലെ വിദ്യാരണ്യപുരം പോലീസ് സ്റ്റേഷനിൽ അദ്ദേഹത്തിന്റെ കുടുംബം നേരത്തെ പരാതി നൽകിയിരുന്നുവെന്നും പോലീസ് അറിയിച്ചു. ശ്രീരംഗപട്ടണത്തിലെ സായിബാബ ആശ്രമത്തിന് സമീപം വെച്ച് അയ്യപ്പൻ നദിയിൽ ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

Exit mobile version