കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാല്‍. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തൃശ്ശൂരില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയപ്പോള്‍ അവരുടെ വാഹനത്തില്‍ കയറാന്‍ വേണ്ടി തന്റെ കൈയില്‍ നിന്ന് 22.5 ലക്ഷം രൂപ വാങ്ങിയിട്ട് തന്നെ വാഹനത്തില്‍ കയറ്റിയില്ലെന്നും പത്മജ പറഞ്ഞു.
കെ.സുധാകരന്‍ മാത്രമാണ് കോണ്‍ഗ്രസില്‍ തന്നോട് ആത്മാര്‍ഥതയോടെ പെരുമാറിയതെന്നും അദ്ദേഹത്തെ വിട്ടുപോരുന്നതില്‍ മാത്രമാണ് തന്റെ മനസ്സിടറിയതെന്നും പത്മജ പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.
‘പ്രിയങ്ക ഗാന്ധിയുടെ വാഹനത്തില്‍ കയറ്റാന്‍ എന്റെ കൈയില്‍ നിന്ന് 22.5 ലക്ഷം രൂപ വാങ്ങി. ഡിസിസി പ്രസിഡന്റ് എം.പി.വിന്‍സെന്റാണ് വാങ്ങിയത്. തരില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ചേച്ചി, ചേച്ചിയുടെ കാര്യം നോക്കെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് നമ്മള്‍ എന്തും പേടിക്കണമല്ലോ, അങ്ങനെ പണം ഞാന്‍ നല്‍കി. പ്രിയങ്ക വന്നപ്പോള്‍ ഞാന്‍ എവിടെ നിന്നാണ് കയറേണ്ടതെന്ന് ഇവരോട് ചോദിച്ചു. ചേച്ചി സ്‌റ്റേജില്‍ വന്നാല്‍ മതിയെന്ന് പറഞ്ഞു. അതോടെ ഞാന്‍ കയറുമെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കി. അതോടെ ഏത് വഴിയിലൂടെയാണ് വരുന്നതെന്ന് പോലും എന്നോട് പറഞ്ഞില്ല. അല്ലെങ്കില്‍ എന്റെ സ്വഭാവം അനുസരിച്ച് റോഡിലിറങ്ങി നിന്നേനെ.പിന്നീട് പത്മജ ഔട്ട്, പ്രതാപന്‍ ഇന്‍ എന്ന് പത്രങ്ങള്‍ എഴുതി’ പത്മജ വേണുഗോപാല്‍ പറഞ്ഞു.
English Summary: padmaja venugopal allegations against congress
You may also like this video