Site iconSite icon Janayugom Online

പത്മനാഭന്‍ മാഷേ, തെളിച്ചങ്ങുപറ!

ആരെയും അടുത്തിരുത്തി മുഖത്തുനോക്കി പരുഷമായി വിമര്‍ശിക്കാന്‍ ഒരു മടിയും കാട്ടാത്ത മലയാള സാഹിത്യ സാര്‍വഭൗമനാണ് ടി പത്മനാഭന്‍. സമൂഹമനസുമായി താദാത്മ്യം പ്രാപിച്ച് അഭിപ്രായങ്ങള്‍ നേരേ ചൊവ്വേ പറയുന്ന പത്മനാഭന്‍ ഇന്നലെ കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ ഒരു പരിപാടിയില്‍ സംസാരിക്കവേ കോണ്‍ഗ്രസിനെത്തന്നെ നിര്‍ത്തിപ്പൊരിക്കുകയായിരുന്നു. അട്ടയെപ്പോലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ കടിച്ചുതൂങ്ങിക്കിടക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അമ്മ സോണിയയും മക്കള്‍ രാഹുലും പ്രിയങ്കയും ചേര്‍ന്ന് കോണ്‍ഗ്രസിന്റെ രക്തം ഊറ്റിക്കുടിക്കുകയാണെന്നായിരുന്നു വ്യംഗ്യം. എന്തേ മാഷേ ഈ പേരുകള്‍ പറയാതെ ഈ വ്യംഗ്യം. ഒരുനാള്‍ രക്തം കുടിച്ചു വീര്‍ത്ത കുളയട്ട നിലത്തുവീഴും. രക്തം നഷ്ടപ്പെട്ടയാള്‍ അട്ടയെ ഞെക്കി കുഴച്ചുപരുവമാക്കുകയും ചെയ്യും. എന്നും ഒരിടത്തുതന്നെ ഊര്‍ജം സമ്പാദിച്ചു ജീവിച്ചുകളയാമെന്ന് ആരു കരുതിയാലും തെറ്റും, ഇന്നലെ ഒരു വാര്‍ത്ത പുറത്തുവന്നു. ഹീരാരത്തന്‍ മനേക് എന്ന 85കാരന്റെ വെടിതീര്‍ന്നു. കഴിഞ്ഞ 411 ദിവസങ്ങളായി സൗരോര്‍ജ്ജം മാത്രം ഭക്ഷണമാക്കി ജലപാനം പോലുമില്ലാതെ കഴിഞ്ഞ മനേക് അന്തരിച്ചു. ഭക്ഷണത്തിനു ഭക്ഷണമേ പകരമുള്ളൂ എന്നറിയാത്ത വിഡ്ഢി. ജനങ്ങള്‍ നല്കുന്ന ഊര്‍ജമാണ് ഒരു രാഷ്ട്രീയ കക്ഷിയുടെ ജീവന്‍ നിലനിര്‍ത്തുന്നതെന്നറിയാത്ത ഏക കൂട്ടമാണ് കോണ്‍ഗ്രസുകാര്‍. ജനങ്ങളില്‍ നിന്നുള്ള ഊര്‍ജമല്ല അധികാരത്തിന്റെ അകിട്ടില്‍ നിന്ന് ഊറ്റിക്കുടിക്കുന്ന രക്തമാണ് തങ്ങളുടെ ഊര്‍ജമെന്ന് ആ പാവങ്ങള്‍ ധരിച്ചവശായിപ്പോയി. അതുകൊണ്ടാണല്ലോ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ‘നല്ല മരതക കല്ലിനോടൊത്ത’ ഒരു കാലത്തെ കോണ്‍ഗ്രസ് ‘വീണിതല്ലോ കിടക്കുന്നു ധരണിയില്‍ കോണകവുമഴിഞ്ഞയ്യോ ശിവശിവ’ എന്ന പരുവത്തിലായത്. കോണ്‍ഗ്രസിന്റെ ഈ കുളയട്ട രാഷ്ട്രീയത്തിന് ഇതാ രണ്ടുദാഹരണങ്ങള്‍, കേരളത്തില്‍ നിന്നു രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. മൂന്നില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസിനു ജയിക്കാം. പക്ഷേ രാജ്യസഭാ മോഹികളുടെ സംഖ്യ നോക്കിയാല്‍ കാക്കത്തൊള്ളായിരം സീറ്റും പോരാ. അച്ഛനുമമ്മയ്ക്കും കൊച്ചാട്ടനും സമ്മതമെങ്കില്‍ എനിക്കും സമ്മതം എന്ന മട്ടില്‍ നാണിച്ചു സീറ്റിനായി കടക്കണ്ണെറിയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍, ഒരുതവണ കേരള മന്ത്രി, പലതവണ എം പി, പിന്നെ കേന്ദ്രമന്ത്രി എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ച് പരിചയ സമ്പന്നനായ താനല്ലാതെ മറ്റാരുണ്ട് കേരളത്തിലെന്നറിയിക്കാന്‍ ഡല്‍ഹിക്ക് വിമാനം കയറിയ കെ വി തോമസ്, സോണിയാമ്മയ്ക്കു തിരുതപൊരിച്ചതും ചെമ്മീന്‍ ഉലത്തിയതും കരിമീന്‍ പപ്പാസും സമ്മാനിച്ച് ആര്‍ജിച്ച ആ പരിചയസമ്പത്ത്, തിരുതയുടെ തിരുമുല്‍ക്കാഴ്ചയില്‍ ഇത്തവണ സോണിയാ സംപ്രീതയാകുമോ! കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പു വരും മുമ്പുതന്നെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെടുന്ന ഡി കെ ശിവകുമാര്‍, ഇതിനെല്ലാമിടയില്‍ ഒരു പാവം മാളത്തില്‍ നിന്നും ഇടയ്ക്കിടെ തലപൊക്കി നോക്കുന്നുണ്ട്, എന്നെ വിളിച്ചോ എന്ന മട്ടില്‍.


ഇതുകൂടി വായിക്കാം; കോണ്‍ഗ്രസിലെ മറിമായങ്ങള്‍


മോഹമുക്തനെന്ന് സ്വയം വിശേഷിപ്പിച്ച ചെറിയാനു ജീവിതത്തില്‍ തോറ്റ ചരിത്രമേയുള്ളു. ജയിച്ചു ചരിത്രം കുറിക്കാമെന്നായപ്പോള്‍ തോമസ് മാഷ് പരിചയ സമ്പത്ത് പരിചയാക്കി കളത്തില്‍ ഇടതുമാറി വലം തിരിഞ്ഞ് പൊങ്ങിച്ചാടി വാള്‍വീശുകയും ചെയ്യുന്നു. പാപി ചെല്ലുന്നേടം പാതാളം എന്ന പ്രമാണം ചെറിയാന്‍ ഫിലിപ്പിനുവേണ്ടി ചമച്ചതാണോ! പോട്ടെ ചെറിയാന്‍ ഇതൊക്കെയില്ലെങ്കില്‍ കോണ്‍ഗ്രസ് എന്തു കോണ്‍ഗ്രസെന്നു സമാധാനിച്ചോ. രാഷ്ട്രീയ കോലാഹലങ്ങളുടെ ഈ മലവെള്ളപ്പാച്ചിലിനിടെ ഗുജറാത്തിലെ ഒരു പെമ്പ്രന്നോത്തിയെക്കുറിച്ചുള്ള വാര്‍ത്താപ്പെരുമഴയും പെയ്യുന്നു. പേരു യശോദാബെന്‍, റിട്ട. അധ്യാപിക, പെന്‍ഷന്‍ തുക 14,000 രൂപ, പ്രായം 70. നമ്മുടെ പ്രധാനമന്ത്രി മോഡിയെക്കാള്‍ ഒരു വയസിനിളപ്പം. അതിന് മോഡി എന്തുവേണമെന്ന് വായനക്കാര്‍ ചോദിച്ചേക്കും. വേണം, മോഡി നന്നെ ഈ വഞ്ചിത ഭാര്യയോട് മറുപടി പറയണം. ഈ വൃദ്ധയുടെ മുഴുവന്‍ പേര് യശോദാബെന്‍ നരേന്ദ്രമോഡി. 1968ല്‍ മധുരപ്പതിനേഴുകാരിയായ യശോദയെ 18 കാരന്‍ മോഡി പരിണയിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭാര്യയെ ഉപേക്ഷിച്ച് മോഡി മുങ്ങുന്നു. പിന്നെ പൊങ്ങുന്നത് അമ്മാവന്റെ ചായപ്പീടികയില്‍. കാലചക്രം അങ്ങനെയങ്ങ് ഉരുളുന്നു. ഈ കോഞ്ഞാട്ടയെ കാത്തിരിക്കേണ്ടെന്നു കരുതി അവര്‍ എസ്എസ്എല്‍സിയും ടിസിസിയും പാസായി അധ്യാപികയാവുന്നു. വിവാഹമോചനം നേടാതെയും ഭാര്യയ്ക്ക് ചെലവിനു കൊടുക്കാതെയും രാഷ്ട്രീയം കളിച്ചു നടക്കുന്ന നിയമലംഘകനെതിരേ ഇപ്പോഴും സുപ്രീം കോടതിയില്‍ ഒരു കേസുണ്ട്. ഇതിനിടെ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോഴെല്ലാം നല്കിയ സത്യവാങ്മൂലത്തില്‍ ഭാര്യയുടെ കോളത്തില്‍ ‘ബാധകമല്ല’ എന്ന ഒറ്റവാക്കില്‍ യശോദാബെന്നിനെ മുക്കുന്ന മോഡി. ഈയിടെ വിദേശത്ത് ബന്ധുക്കളെ കാണാന്‍‍ പോകാന്‍ യശോദാബെന്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചപ്പോള്‍ മോഡി-യശോദ പരിണയം രജിസ്റ്റര്‍ ചെയ്തിട്ടുപോലുമില്ലാത്തതിനാല്‍ അപേക്ഷ തള്ളി. വിവാഹം രജിസ്റ്റര്‍ ചെയ്യാതെ നിയമലംഘനം നടത്തിയതിനെതിരേ മറ്റൊരു കേസും കോടതിയുടെ പരിഗണനയിലാണ്. പണ്ടൊരിക്കല്‍ മോഡിയുടെ മാതാവ് മരുമകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അന്നുതന്നെ ഭാര്യയെ മോഡി പടിയടച്ചു പിണ്ഡം വച്ചു. എല്ലാം നിയമലംഘന പ്രവര്‍ത്തനങ്ങള്‍, നിയമവും ഭരണഘടനയുമെല്ലാം മോഡിക്കു വേണ്ടി വഴിമാറുമോ. മാറും അല്ലെങ്കില്‍ മാറ്റും എന്ന നിയമലംഘനത്തിന്റെ ഇരയായി യശോദാബെന്‍.

Exit mobile version