Site iconSite icon Janayugom Online

പഹൽഗാം പരാമർശം; സൂര്യകുമാര്‍ യാദവിന് പിഴ

പാകിസ്ഥാനെതിരായ ഏഷ്യകപ്പ് മത്സരത്തിന് ശേഷം ഇന്ത്യന്‍ കാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നടത്തിയ പരാമര്‍ശങ്ങളില്‍ ഐസിസി നടപടി. മാച്ച് ഫീയുടെ 30% പിഴ വിധിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തില്‍ വിശദീകരണം തേടി സൂര്യകുമാറിനെ ഐസിസി പാനൽ‌ വിളിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് തീരുമാനം. ഐസിസി നടപടിക്കെതിരെ ഇന്ത്യ അപ്പീല്‍ നല്‍കും. ഇന്ത്യയുടെ പരാതിയില്‍ പാക് താരങ്ങളായ സാഹിബ്സാദാ ഫർഹാൻ, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെയും ഐസിസി നടപടിയെടുത്തു.

രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെടാവുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്ത്യ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോട് ഐസിസി മാച്ച് റാഫറി റിച്ചി റിച്ചാര്‍ഡ്സണ്‍ നേരത്തേയും നിര്‍ദേശം നൽകിയിരുന്നു. പാകിസ്ഥാനെതിരായ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരം ജയിച്ചശേഷം പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഇന്ത്യന്‍ സേനയ്ക്കുമായി വിജയം സമര്‍പ്പിക്കുകയാണെന്ന് സൂര്യകുമാര്‍ യാദവ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പാകിസ്ഥാന്‍ ഐസിസിക്ക് പരാതി നല്‍കുകയായിരുന്നു.

സമ്മാനദാനച്ചടങ്ങിലും വാർത്താസമ്മേളനത്തിലും സൂര്യകുമാർ നടത്തിയ പരാമർശങ്ങൾക്കെതിരേ രണ്ട് പരാതികളാണ് പിസിബി മാച്ച് റാഫറി റിച്ചി റിച്ചാർഡ്സണ് നല്‍കിയത്. സൂര്യകുമാർ ഉപയോഗിച്ച ഓപ്പറേഷൻ സിന്ദൂർ എന്ന പ്രയോഗം രാഷ്ട്രീയസൂചകമാണെന്ന് റിച്ചാർഡ്സൺ വിലയിരുത്തി. നേരത്തെ, പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയ്ക്ക് ഹസ്തദാനം ചെയ്യാൻ സൂര്യകുമാർ യാദവ് വിസമ്മതിച്ചതും ഇതിനെ മാച്ച് റാഫറി ആൻഡി പൈക്രോഫ്റ്റ് പിന്തുണച്ചതും പാക്കിസ്ഥാന്റെ പരാതിക്കു കാരണമായിരുന്നു.

ഇന്ത്യയുടെ ആറ് ഫൈറ്റർ വിമാനങ്ങൾ പാക്കിസ്ഥാൻ വെടിവച്ചിട്ടു എന്ന അർത്ഥത്തിൽ 6–0 എന്ന് കാണികളെ ആംഗ്യം കാണിച്ച പാക് ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫിനെതിരെ മാച്ച് ഫീയുടെ 50% പിഴ ചുമത്തി. എകെ 47 തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുന്നതായി ആംഗ്യം കാട്ടിയ ഫർഹാനെ ഐസിസി താക്കീത് ചെയ്തു. ഏഷ്യാകപ്പ് ഫൈനലില്‍ ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടുന്നുണ്ട്.

Exit mobile version