Site iconSite icon Janayugom Online

വേദനയും ഏകാന്തതയും വരകള്‍ക്ക് നിറം കൊടുത്തു; ചിത്രരചനയില്‍ വിസ്മയം തീര്‍ത്ത് വത്സലാ ജയചന്ദ്രന്‍

ഭർത്താവിന്റെ വേർപാട് സൃഷ്ടിച്ച വേദനയിൽ നിന്നാണ് വത്സല ജയചന്ദ്രൻ എന്ന അധ്യാപികയുടെ ബ്രഷിൽനിന്ന് വരകൾ കൂടുതൽ പിറന്നത്. വിയോഗവും ഏകാന്തതയും ഖനീഭവിച്ച വരകൾ പിന്നീട് നിറങ്ങളെ പ്രണയിക്കുകയായിരുന്നു. 35 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്നും പെൻഷനായെങ്കിലും നൂറനാട് മുതുകാട്ടുകര വൈശാഖി ൽ വത്സല ജയചന്ദ്രൻ ചിത്രരചനയിൽ വിസ്മയം തീർക്കുകയാണ്.

കെ എസ് ആർ ടി സി ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് ജയചന്ദ്രൻ നായർ 13 വർഷം മുമ്പ് മരിച്ചു. മാനസികമായി തളർന്നെങ്കിലും ചിത്രരചനയിൽ തന്റെ കഴിവ് തെളിയിക്കാൻ തയ്യാറാകുകയായിരുന്നു. പിന്നെ പെയിന്റും ബ്രഷും കൈയിലെടുത്തു. പെൻസിൽ ഡ്രോയിങ്ങിൽ തുടങ്ങി ചുമർചിത്ര രചനയിൽ വൈദഗ്ധ്യം തെളിയിച്ചു. 150ലേറെ ചുവർ ചിത്രങ്ങൾ വത്സലാദേവി വരച്ചിട്ടുണ്ട്. ശ്രീരാമപട്ടാഭിഷേകം, സങ്കടഹര ഗണപതി, ശ്രീകൃഷ്ണനും ഗോപികമാരും, പുഷ്പകവിമാനം ഊഞ്ഞാലാടുന്ന സ്ത്രീ, ഗീതോപദേശം എന്നിവ ഇതിൽ ചിലതു മാത്രം. കൂറ്റൻ ക്യാൻവാസിൽ രണ്ട് മാസത്തിലധികം സമയം എടുത്ത് വരച്ച ശ്രീരാമ പട്ടാഭിഷേകം എന്ന ചുവർചിത്രം ലോക ശ്രദ്ധ നേടിയിരുന്നു. നിരവധി ചിത്രങ്ങൾ വിദേശരാജ്യങ്ങളിലും എത്തിക്കഴിഞ്ഞു. പതിവ് ചുവർചിത്ര സങ്കേതങ്ങളുടെ ചട്ടക്കൂടുകളിൽ നിന്ന് തനിമയും മികവും ചോരാതെ നടത്തുന്ന പരീക്ഷണങ്ങളാണ് വത്സല ജയചന്ദ്രന്റെ ചിത്രങ്ങളെ വേറിട്ടു നിർത്തുന്നത്. സാരികളിൽ മ്യൂറൽ പെയിന്റിങ് ചെയ്തതതിലൂടെ ഏറെ ശ്രദ്ധ നേടി. ചുവർചിത്ര ഡിസൈനുകളുള്ള ഇത്തരം സാരികൾക്ക് ആവശ്യക്കാരേറെ.

ചുവർ ചിത്രരചന പഠിക്കാൻ പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ കൊല്ലം രാമൻകുളങ്ങര സ്വദേശി വസന്താനായർ ഗുരുനാഥയായി. സ്ത്രീകളെ പഠിപ്പിക്കാൻ വിമുഖതയുള്ളവർക്ക് മറുപടിയായി നൂറനാട് പാറ ജങ്ഷനിൽ വർഷങ്ങൾക്ക് മുമ്പ് ചിത്രമാല ആർട്സ് ആൻഡ് ക്രാഫ്റ്റ് അക്കാദമിയും ചുവർചിത്ര ആർട്ട് ഗാലറിയും സ്ഥാപിച്ചു.

സ്ത്രീകൾക്കു മാത്രമാണ് പ്രവേശനം. ഇതിനകം 60 ലധികം പേർ ഇവിടെനിന്ന് ചിത്രംവര പഠിച്ചു. എൻജിനീയറിങ് ബിരുദധാരികളും, എം ബി എക്കാരും ഡോക്ടർമാരും ശിഷ്യഗണത്തിലുണ്ട്. പെൻസിൽ, ജലഛായം, ബാംബു, കലംകരി, കോഫി, റിവേഴ്സ് തുടങ്ങിയവയിലും ചിത്രം വരയ്ക്കാറുണ്ട്. ഇറ്റാലിയൻ ക്രാഫ്റ്റ് കല, ത്രിഡി വർക്കുകൾ, മൊസൈക്ക് പെയിന്റിങ്, രാജസ്ഥാൻ പെയിന്റിങ്ങായ മീനാകാരി എന്നിവയിലും നെറ്റിപ്പട്ട നിർമാണത്തിലും വിദഗ്ധയാണ്. രണ്ടരയടി മുതൽ ആറരയടി വരെയുള്ള നെറ്റിപ്പട്ടങ്ങൾ തേടി ആളുകളെത്തുന്നു. പത്തനംതിട്ട ജില്ലയിലെ ഐക്കാട് ഗ്രാമത്തിലാണ് വത്സലാദേവിയുടെ ജനനം. ഐക്കാട് ഗവ. ഹൈസ്കൂൾ പ്രഥമാധ്യാപകൻ ഗോപാലൻ നായരുടെയും അധ്യാപിക ഭാർഗവിയമ്മയുടെയും ഇളയ മകളാണ്. മുത്തച്ഛൻ നാരായണക്കുറുപ്പാണ് ചെറുമകളായ വത്സലാ ദേവിയുടെ ചിത്രരചനയിലുള്ള അഭിരുചി തിരിച്ചറിഞ്ഞത്.

പ്രീഡിഗ്രി പഠനത്തിനുശേഷം മാവേലിക്കര രവിവർമ കോളേജിൽ ചിത്രകലാപഠനത്തിൽ ഡിപ്ലോമയ്ക്ക് ചേർത്തു. തുടർന്ന് 1978ൽ നൂറനാട് ഇടപ്പോൺ എച്ച് എസ് എസിൽ ചിത്രകലാ അധ്യാപികയായി. വർണ്ണോത്സവമെന്ന പേരിൽ ആറോളം പ്രദർശനങ്ങൾ നടത്തി. ചിത്രരചനയിൽ മാത്രമല്ല ആനുകാലികങ്ങളിൽ കവിതകളും എഴുതാറുള്ള വത്സല ജയചന്ദ്രൻ തന്റെ ആദ്യ കവിത സമാഹാരത്തിന്റെ പണിപ്പുരയിലാണ്. എം എസ് സി കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ മകൾ മഞ്ജു വി നായരും, എൻജിനിയറിങ് ബിരുദധാരിയായ മനീഷ് ജയചന്ദ്രനും അമ്മക്ക് പ്രോത്സാഹനമായി ഒപ്പമുണ്ട്.

Exit mobile version