Site iconSite icon Janayugom Online

പൈങ്കുളം നാരായണ 
ചാക്യാരും 185 ശിഷ്യരും

സംസ്ഥാന കലോത്സവത്തിലെ നിറ സാന്നിധ്യമാണ് പൈങ്കുളം നാരായണ ചാക്യാരും അദ്ദേഹത്തിന്റെ 185 ശിഷ്യരും. ചാക്യാർകൂത്ത്, കൂടിയാട്ടം, നങ്ങ്യാർകൂത്ത്, പാഠകം എന്നിവയിലെല്ലാം പൈങ്കുളത്തിന്റെ ശിഷ്യർ മത്സരിക്കുന്നുണ്ട്. പതിവു പോലെ ഇക്കുറിയും ഏറ്റവും കൂടുതൽ ശിഷ്യഗണങ്ങളുമായാണ് ചാക്യാർ തൃശൂരിലെത്തിയിട്ടുള്ളത്. എൺപതുകളിലാണ് കലാമണ്ഡലത്തിൽ വെച്ച് ചാക്യാർ കൂത്ത് അഭ്യസിച്ചത്. അക്കാലത്ത് കൂത്തും കൂടിയാട്ടവുമെല്ലാം പൂർണമായും ക്ഷേത്രങ്ങളിൽ ഒതുങ്ങി നിൽക്കുന്നതായിരുന്നു. ഇത്രയേറെ ജനകീയ അംഗീകാരവും ലഭിച്ചിട്ടില്ല. കലോത്സവങ്ങളിലേക്ക് ചാക്യാർ കൂത്ത് എത്തുന്നത് അവയുടെ ജനകീയതയ്ക്ക് വഴിയൊരുക്കുമെന്ന് നാരായണ ചാക്യാർ തിരിച്ചറിഞ്ഞു. ഏറെ അധ്വാനത്തിനൊടുവിൽ ഇവ കലോത്സവത്തിലെ മത്സര ഇനങ്ങളായി മാറി. കൂത്ത് മത്സര വിഭാഗമായി മാറിയെങ്കിലും തുടക്കകാലത്ത് മത്സരിക്കാൻ ആളില്ലായിരുന്നു. 90 കളിൽ സ്വന്തമായി പണം ചെലവിട്ട് കുട്ടികളെക്കൊണ്ട് മത്സരിപ്പിച്ചിട്ടുണ്ടെന്ന് ചാക്യാർ പറയുന്നു.
ഗുരുകുല സമ്പ്രദായ മാതൃകയിലാണ് പൈങ്കുളത്തിന്റെ പരിശീലനം. ഇദ്ദേഹം പരിശീലിപ്പിച്ച എണ്ണായിരത്തോളം കുട്ടികൾ ഇതിനകം അരങ്ങേറി. തന്റെ കുട്ടികൾക്ക് മത്സരമല്ല പ്രധാനമെന്നും പഠിച്ചത് ഭംഗിയായി അവതരിപ്പിക്കലാണെന്നും പൈങ്കുളം നാരായണ ചാക്യാർ പറഞ്ഞു. മികച്ച പ്രകടനം മാത്രമാണ് കുട്ടികളുടെ താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Exit mobile version