Site iconSite icon Janayugom Online

പാക്- അഫ്ഗാന്‍ രണ്ടാം ഘട്ട ചര്‍ച്ച തുര്‍ക്കിയില്‍

അതിർത്തി സംഘർഷങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കണ്ടെത്തുന്നതിനും അഫ്ഗാൻ മണ്ണിൽ നിന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനുമായി പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ഉദ്യോഗസ്ഥർ തുർക്കിയില്‍ രണ്ടാം ഘട്ട ചര്‍ച്ച നടത്തി. ഒക്ടോബര്‍ 19ന് ദോഹയിൽ നടന്ന ആദ്യ ഘട്ട ചർച്ചകൾക്ക് ശേഷം പാക്- അഫ്ഗാന്‍ അതിർത്തിയിൽ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. പരസ്പര സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നതിനായി ഇസ്താംബൂളിൽ വീണ്ടും കൂടിക്കാഴ്ച നടത്താൻ ഇരുപക്ഷവും സമ്മതിച്ചിരുന്നു. 

പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും പ്രതിജ്ഞാബദ്ധമായ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ പാകിസ്ഥാൻ സംഘർഷം രൂക്ഷമാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വിദേശകാര്യ ഓഫീസ് വക്താവ് താഹിർ ആൻഡ്രാബി പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തോടുള്ള പ്രതിബദ്ധത പാലിക്കാനും അഫ്ഗാൻ പ്രദേശത്ത് നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും അദ്ദേഹം അഫ്ഗാൻ താലിബാൻ അധികൃതരോട് ആവശ്യപ്പെട്ടു. തെഹ്രീക്-ഇ‑താലിബാൻ പാകിസ്ഥാൻ (ടിടിപി), ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) എന്നിവയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം ആൻഡ്രാബി ആവർത്തിച്ചു. അഫ്ഗാൻ ഇടക്കാല ഭരണകൂട വക്താവ് സബിഹുള്ള മുജാഹിദും ഇസ്താംബുൾ ചർച്ചകൾ സ്ഥിരീകരിച്ചു. ആഭ്യന്തര ഉപമന്ത്രി മൗലവി റഹ്മത്തുള്ള നജീബാണ് അഫ്ഗാൻ പ്രതിനിധി സംഘത്തെ നയിക്കുക. 

Exit mobile version