Site icon Janayugom Online

പാക്ക് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

പാക്ക് സൈനിക ഹെലികോപ്റ്റര്‍ ലാസ്‌ബെലയിലെ പര്‍വതപ്രദേശത്തുള്ള സാസി പന്നുവിന് സമീപം തകര്‍ന്നു വീണു. തിങ്കളാഴ്ച രാത്രിയാണ് രണ്ട് മുന്‍നിര കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ആറ് പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ബലൂച് വിമതര്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അപകടത്തില്‍ ഇസ്ലാമാബാദ് പാക്കിസ്ഥാന്‍ ആര്‍മി കമാന്‍ഡര്‍ അടക്കമുള്ള ആറുപേര്‍ മരിച്ചതായി സംശയിക്കുന്നു.

ലെഫ്റ്റനന്റ് ജനറല്‍ സര്‍ഫ്രാസ് അലിയും മറ്റ് അഞ്ചുപേരുമാണ് ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്നത്. മേഖലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ലെഫ്റ്റനന്റ് ജനറല്‍ സര്‍ഫ്രാസ് അലിയെ കൂടാതെ മേജര്‍ സയ്യിദ് പൈലറ്റ്, മേജര്‍ തല്‍ഹ കോപൈലറ്റ്, ഡയറക്ടര്‍ ജനറല്‍ ഓഫ് കോസ്റ്റ് ഗാര്‍ഡ്‌സ് ബ്രിഗേഡിയര്‍ അംജദ്, എഞ്ചിനീയര്‍ ബ്രിഗേഡിയര്‍ ഖാലിദ്, ചീഫ് നായിക് മുദാസിര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നവര്‍. തിങ്കളാഴ്ച പാക്കിസ്ഥാനിലെ തെക്കു-പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ലാസ്‌ബെല ജില്ലയില്‍ വച്ചാണ് ഹെലികോപ്റ്ററിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. എന്നാല്‍ പാക്കിസ്ഥാന്‍ സൈന്യം ഇതുവരെ വിമാനാപകടം സ്ഥിരീകരിച്ചിട്ടില്ല. ഹെലികോപ്റ്റര്‍ കാണാതായെന്ന വാര്‍ത്ത അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഉതാല്‍ എന്ന പ്രദേശത്ത് നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ കറാച്ചിയിലെ മസ്‌റൂരിലുള്ള പാക്കിസ്ഥാന്‍ വ്യോമസേനാ താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അപ്രത്യക്ഷമാവുകയും എടിസിയുമായുള്ള ബന്ധം നഷ്ടപ്പെടുകയുമായിരുന്നെന്ന് പാക് സൈനിക മാധ്യമ വിഭാഗം അറിയിച്ചു. ഹെലികോപ്റ്റര്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശം പര്‍വതപ്രദേശങ്ങളാണെന്നും ജീപ്പ് പാതകളില്ലാത്തതും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമാക്കുന്നതായും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഖുസ്ദാര്‍ പര്‍വേസ് ഇമ്രാനി പ്രതികരിച്ചു.

Eng­lish sum­ma­ry; Pak army heli­copter crashed

You may also like this video;

Exit mobile version