അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക് ജില്ലയില്‍ പാക് ആക്രമണം. 12 പ്രദേശവാസികൾ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായും നൂറിലേറെ പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ വൃത്തങ്ങൾ അറിയിച്ചു. അഫാഗാൻ- പാക് അതിർത്തി പ്രദേശത്താണ് നിലവില്‍ ആക്രമണം രൂക്ഷമായി തുടരുന്നത്. ചൊവ്വാഴ്ച രാത്രി തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ സ്പിൻ ബോൾഡാക് ജില്ലയിലും പാകിസ്ഥാനിലെ ചാമൻ ജില്ലയിലും ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം അഴിച്ചുവിട്ടിരുന്നു.
പാക് ആക്രമണങ്ങൾക്ക് മറുപടിയായി ബുധനാഴ്ച പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയതായും ടാങ്കുകൾ ഉൾപ്പെടെ ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും താലിബാൻ പറഞ്ഞു. കഴിഞ്ഞയാഴ്ച കാബൂളിൽ ഉണ്ടായ സ്ഫോടനങ്ങൾ പാകിസ്ഥാൻ വ്യോമാക്രമണത്തിന്റെ ഫലമാണെന്ന് താലിബാൻ ആരോപിച്ചതോടെയാണ് താലിബാനും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടലാരംഭിച്ചത്.

