അന്തി തിരികെ-
വരും വഴിയിലന്നു
ഒറ്റയ്ക്കിരിക്കെ
പുഴ മുറിച്ചെത്തിയ
കാറ്റ് കൺച്ചിമ്മി
അടുത്തേക്ക്…
ഒരുകണ്ണിമാങ്ങ
വായുവിൽ ചുറ്റിക്കറങ്ങി
താഴോട്ട്!
നല്ല ചുന ചൂരുണ്ടതിന്റെ
ചുണ്ടിന്…
ശ്രദ്ധയോടെ ചുന കുടഞ്ഞ്
മണ്ണിലേക്കെറിഞ്ഞു
പുറംതൊലിയിൽ
പൊള്ളി വീണ
ഇരുൾ പൊട്ടുകളുണ്ട്
ഒരു വസന്തം പെറ്റിട്ട
മാമ്പൂക്കളുടെ
മർമ്മരമുണ്ട്…
വിദൂരതയിലേക്ക്
കണ്ണയച്ച്
ഞാനതിന്റെ മുനച്ചുണ്ടിൽ
മെല്ലെ കടിച്ചു
കടിക്കുന്തോറും
പുളിപ്പ്
ചവർപ്പ്!
തീർന്നു പോയേക്കും
എന്ന തോന്നലിന്റെ
വേരിൽ സ്വപ്നങ്ങൾ
തളിർത്തു കിടക്കുന്നുണ്ടെന്ന്
ആരോ പറഞ്ഞതുപോലെ!
പിന്നെയും പൊട്ടിത്തളിർത്തേക്കും
എന്ന ശിഷ്ടകാലത്തിന്റെ നേരിൽ
ഞാനുടക്കി നിൽപ്പാണ്!
ഭാവിയോ ഭൂതമോ
എന്നെ അലട്ടുന്നില്ല!
എന്റെ പല്ലുകൾ
പുളിപ്പിനെ തൊടുകയാണ്
രസ കുമിളകൾ
പതിവുപോലെ നൃത്തത്തിലാണ്
ചവർപ്പിനെ ചീന്തിയെറിയാൻ
ഏതോ രസദായിനി
ശ്രമിക്കുന്നുണ്ട്
ഇപ്പോൾ
ഉയരമുള്ള ചിന്തയുടെ
അങ്ങേ
കൊമ്പിലൊരു
മധുരക്കനിയായ്
ഞാനെങ്കിൽ!
സ്വപ്നം തുടരുകയാണ്
ആരും തട്ടിയുണർത്തിയില്ലെങ്കിൽ
ശൂന്യത പടരുകയാണ്…
പക്ഷേ,
ഇരുട്ട് മെല്ലെ കേറിത്തുടങ്ങുന്നത്
ഞാനറിയുന്നുണ്ടായിരുന്നു.