Site iconSite icon Janayugom Online

മിസൈല്‍ പരീക്ഷണവുമായി വീണ്ടും പാകിസ്ഥാന്‍

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായിക്കൊണ്ടിരിക്കെ മിസൈല്‍ പരീക്ഷണങ്ങളുമായി പാകിസ്ഥാന്‍. 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഫത്താ പരമ്പരയില്‍പ്പെട്ട ഉപരിതല മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എക്സ് ഇന്‍ഡസ് പദ്ധതിയുടെ ഭാഗമായായിരുന്നു പരീക്ഷണം. മിസൈലിന്റെ കൃത്യതയും പ്രവര്‍ത്തന സന്നദ്ധതയും ഉറപ്പുവരുത്തുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യമെന്ന് ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ്(ഐഎസ്‌പിആര്‍) പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെയും എന്‍ജിനീയര്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു വിക്ഷേപണം. ശനിയാഴ്ച 450 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഉപരിതല മിസൈലായ അബ്ദാലി ആയുധ സംവിധാനം പരീക്ഷിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ പ്രകോപനം. 

അടുത്തിടെ ചൈനയും പാകിസ്ഥാനും തമ്മില്‍ ആയുധ കരാറില്‍ ഒപ്പുവച്ചിരുന്നു. 240 പി എല്‍ 15 ഇ ബിയോണ്ട് വിഷ്യല്‍ റേഞ്ച് എയര്‍ ടു എയര്‍ മിസൈലുകളാണ് പുതിയതായി പാക് അധികൃതര്‍ ചൈനയില്‍ നിന്ന് സ്വന്തമാക്കിയത്. 145 കിലോമീറ്റര്‍ ദൂരപരിധിയാണ് ഇവയ്ക്കുള്ളത്. എന്നാല്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ഫോഴ്സ് ഉപയോഗിക്കുന്ന 200 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ വാങ്ങിയെന്നായിരുന്നു പാകിസ്ഥാന്റെ അവകാശം വാദം. രേഖകള്‍ പുറത്തായതോടെ ഇത് പച്ചക്കള്ളമാണെന്ന് വ്യക്തമായി. 20 ജെ-10സിഇ ജെറ്റ്, 240 പിഎല്‍-15 ഇ മിസൈല്‍, 10കെഡബ്ല്യുഎസ് സ്പെയര്‍ പവര്‍ പ്ലാന്റ്സ് തുടങ്ങിയവ വാങ്ങാന്‍ ചൈനീസ് ഉടമസ്ഥയിലുള്ള ചൈന നാഷണല്‍ എയ്റോ-ടെക്നോളജി ഇംപോര്‍ട്ട് ആന്റ് എക്സ്പോര്‍ട്ടില്‍ നിന്നും പിഎഎഫ് 1.4 ബില്യണ്‍ വായ്പ എടുത്തതായും റിപ്പോര്‍ട്ടുണ്ട്.

Exit mobile version