Site icon Janayugom Online

പാകിസ്ഥാൻ തെരഞ്ഞെടുപ്പ് ; ഇന്ത്യക്കും നിര്‍ണായകം

വിവാദങ്ങള്‍, കോടതി പോരാട്ടങ്ങള്‍, ആരോപണങ്ങള്‍, ആക്രമണ‑പ്രത്യാക്രമണങ്ങള്‍, സാമ്പത്തിക‑രാഷ്ട്രീയ അസ്ഥിരത എന്നിവയിലെല്ലാം കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാനില്‍ ഇന്ന് വിധിയെഴുത്ത്. നവാസ് ഷെരീഫ്, ഇമ്രാന്‍ ഖാന്‍, ബിലാവല്‍ ഭൂട്ടോ എന്നിവരെ കേന്ദ്രീകരിച്ചാണ് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നത്. നവാസ് ഷെരീഫും ഇമ്രാന്‍ ഖാനും ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ബിലാവല്‍ ഇക്കാര്യത്തില്‍ ശക്തമായൊരു നിലപാട് പ്രകടമാക്കിയിട്ടില്ല.

അഴിമതിയുൾപ്പെടെ വിവിധ കേസുകളിൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന് നേരിട്ട് മത്സരിക്കാനാകില്ലെങ്കിലും പാർട്ടിയിലെ വിശ്വസ്തനെ സ്ഥാനാർത്ഥിയാക്കുമെന്നാണ് വിവരം. പാകിസ്ഥാൻ മുസ്‌ലീം ലീഗ്- നവാസിന്റെ (പിഎംഎൽ-എൻ) മേധാവിയാണ് നവാസ് ഷെരീഫ്. ഇമ്രാൻ ഖാൻ മത്സര രംഗത്തില്ലാത്തതിനാൽ നിഷ്പ്രയാസം ജയിക്കാമെന്ന പ്രതീക്ഷയിലാണ് നവാസ്. മുമ്പ് മൂന്നു തവണ പാകിസ്ഥാൻ പ്രധാനമന്ത്രിയായിട്ടുണ്ട്. ഇന്ത്യയോട് അടുപ്പം പുലർത്താൻ താല്പര്യപ്പെടുന്നയാളാണ് ഷെരീഫ്. ഇന്ത്യയുമായി സമാധാന സഖ്യമെന്നത് ഇമ്രാൻ ഖാന്റെ പാർട്ടി പ്രകടനപത്രികയിലും എടുത്ത് പറയുന്നു.

എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഇന്ത്യ പിൻവലിക്കണമെന്നാണ് പിഎംഎൽ-എൻ ആവശ്യപ്പെടുന്നത്. അടുത്തിടെ പ്രവാസ ജീവിതത്തിൽ നിന്ന് മടങ്ങിയെത്തിയ ഷെരീഫ്, ഇന്ത്യയുടെ പുരോഗതിയെയും ആഗോള നേട്ടങ്ങളെയും അഭിനന്ദിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തണമെന്നും ഷെരീഫ് ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് ഇമ്രാൻ ഖാൻ. അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ ജയിലിൽ കഴിയുന്നതിനാൽ മത്സരിക്കാനാവില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിടിഐക്ക് സ്വന്തം ചിഹ്നമായ ക്രിക്കറ്റ് ബാറ്റിൽ മത്സരിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥികളെയാണ് പിടിഐ മത്സരിപ്പിക്കുന്നത്.

എന്നാൽ പാകിസ്ഥാൻ പട്ടാളവുമായി ഇമ്രാൻ ഖാൻ നല്ല ബന്ധത്തിലല്ല. പാകിസ്ഥാനുമായി സമാധാനത്തിന് അവസരം നൽകണമെന്ന് 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഇമ്രാൻ ഖാൻ അഭ്യർത്ഥിച്ചിരുന്നു. കൂടാതെ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച പുൽവാമ ആക്രമണത്തെക്കുറിച്ച് രഹസ്യാന്വേഷണം നടത്താൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനാണ് 35കാരനായ ബിലാവൽ ഭൂട്ടോ സർദാരി.

ഭൂട്ടോ രാജവംശത്തിന്റെ പിൻഗാമിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവുമാണ് ബിലാവല്‍. രണ്ടുതവണ അധികാരത്തിലെത്തിയ ബേനസീർ ഭൂട്ടോ 2007ലാണ് കൊല്ലപ്പെടുന്നത്. ബിലാവലിന്റെ മുത്തച്ഛനും മുൻ പാക് പ്രധാനമന്ത്രിയുമായ സുൽഫിക്കർ അലി ഭൂട്ടോയെ അധികാരത്തിൽ നിന്ന് താഴെയിറക്കി തൂക്കിക്കൊല്ലുകയായിരുന്നു. ബിലാവലിന്റെ പിതാവ് ആസിഫ് അലി സർദാരി പാക് പ്രസിഡന്റായി അധികാരത്തിലെത്തിയെങ്കിലും നിരവധി അഴിമതിയാരോപണങ്ങൾ നേരിട്ടിരുന്നു. ഇന്ത്യയോട് കൃത്യമായ നിലപാട് പുലര്‍ത്താത്ത ആളാണ് ബിലാവല്‍. സുതാര്യമായ തെരഞ്ഞെടുപ്പിന് സാധ്യത കല്‍പ്പിക്കുന്നില്ലെങ്കിലും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഭരണത്തിലേറുകയെന്നതാണ് രാജ്യത്തെ പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക പരിഹാരമെന്നതാണ് പൊതുവെയുള്ള നിരീക്ഷണം.

Eng­lish Sum­ma­ry: Pak­istan election
You may also like this video

Exit mobile version