Site icon Janayugom Online

പൊതു തെരഞ്ഞെടുപ്പ് നാളെ ; സെെന്യത്തിന്റെ ചരടുവലിയില്‍ പാക് രാഷ്ട്രീയം

ദീര്‍ഘനാളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്കിടെ പാകിസ്ഥാനില്‍ നാളെ പൊതുതെരഞ്ഞെടുപ്പ്. പാകിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ), പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി), ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് (പിടിഐ) എന്നീ പാര്‍ട്ടികളാണ് മത്സരരംഗത്തുള്ളത്. രാജ്യത്തുടനീളം 260 ദശലക്ഷത്തിലധികം ബാലറ്റ് പേപ്പറുകൾ വിതരണം ചെയ്തതായി പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിപി) അറിയിച്ചു. നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വെെകിട്ട് അഞ്ചിന് അവസാനിക്കും. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ പോളിങ് സ്റ്റേഷനുകളില്‍ സുരക്ഷാ സേനയെ വിന്യസിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി പലഭാഗങ്ങളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബലൂചിസ്ഥാനിലെ നുഷ്കി ജില്ലയിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിനു പുറത്ത് ബോംബ് സ്ഫോടനം നടന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓഫിസ് ഗേറ്റിന് പുറത്താണ് സ്ഫോടനം നടന്നത്. കറാച്ചിയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിനു പുറത്തും സമാനമായ രീതിയില്‍ കഴിഞ്ഞാഴ്ച സ്ഫോടനം നടന്നിരുന്നു. ബലൂചിസ്ഥാനിലെ വിവിധ പട്ടണങ്ങളിൽ നടന്ന വിവിധ ഗ്രനേഡ് ആക്രമണങ്ങളിൽ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) പ്രവർത്തകർ ഉൾപ്പെടെ ആറോളം പേർക്ക് പരിക്കേറ്റു.

ഫലങ്ങളെ സ്വാധീനിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സോഫ്റ്റ്‍വേറില്‍ കൃത്രിമത്വം കാണിക്കുന്നതിനെക്കുറിച്ചുള്ള ആ­ശങ്കകൾ ഉയർന്നുവന്നിട്ടുണ്ട്. ഓരോ പോളിങ് സ്റ്റേഷനിൽ നിന്നും ഫലങ്ങൾ ഒരു കേന്ദ്രീകൃത സംവിധാനത്തിലേക്ക് കൈമാറുന്നതിനായി കമ്മിഷന്‍ തെരഞ്ഞെടുപ്പ് നിയന്ത്രണ സംവിധാനം (ഇഎംഎസ്) തയ്യാറാക്കിയിരുന്നു. ഇതിനെതിരായാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. പോളിങ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ച ചുമതലകൾ സംബന്ധിച്ച വിവരങ്ങൾ ഇഎംഎസിലേക്ക് അപ്‌ലോഡ് ചെയ്തതായും പിന്നീട് കാണാതായതായും കാണിച്ച് മുഖ്യ തെര‍ഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് രണ്ട് ഉദ്യോഗസ്ഥര്‍ കത്തയച്ചിരുന്നു.

അതേസമയം പാകിസ്ഥാന്റെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അക്രമ സംഭവങ്ങളെക്കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങളെക്കുറിച്ചും ആശങ്കയുണ്ട്. ഭയമോ അക്രമമോ ഭീഷണിയോ കൂടാതെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിലൂടെ ഭാവി നേതാക്കളെ തെരഞ്ഞെടുക്കാനുള്ള മൗലികാവകാശം വിനിയോഗിക്കാൻ പാകിസ്ഥാനിലെ ജനങ്ങള്‍ അർഹരാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.

രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു തെരഞ്ഞെടുപ്പും വിവാദങ്ങളില്ലാതെ നടന്നിട്ടില്ല. ഫലം നേരത്തെ തീരുമാനമായിക്കഴിഞ്ഞുവെന്നാണ് തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള രാജ്യത്തെ പൊതുധാരണ. പാകിസ്ഥാനിലെ തെരഞ്ഞെടുപ്പുകളും സര്‍ക്കാരുകളും സെെന്യത്തിന്റെ നിഴലിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനും ബാധകമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പാകിസ്ഥാനിൽ രാഷ്ട്രീയ അടിച്ചമർത്തൽ കൂടുതൽ ദൃശ്യമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹകരീക് ഇ ഇന്‍സാഫ് പാര്‍ട്ടിയെ എന്ത് വിലകൊടുത്തും അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് സെെന്യം നീക്കങ്ങള്‍ നടത്തുന്നത്. അഭിപ്രായ സര്‍വേകളില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗിനെക്കാള്‍ ജനപിന്തുണ കൂടുതലാണ് ഇമ്രാന്റെ പാര്‍ട്ടിക്ക്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ നടന്നാല്‍ പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടാന്‍ പിടിഐക്കാവുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. പിടിഐ സ്ഥാനാര്‍ത്ഥികളെ ലക്ഷ്യംവച്ചുള്ള അടിച്ചമര്‍ത്തല്‍ നീക്കങ്ങള്‍ ശക്തമാണ്. സ്ഥാനാര്‍ത്ഥികളുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തതായി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

പ്രചാരണം നടത്താനും സ്ഥാനാര്‍ത്ഥികളെ അനുവദിച്ചില്ല. പൊതു റാലികൾ നടത്താനുള്ള അനുമതികൾ നിരസിക്കുകയാണുണ്ടായത്. പിടിഐ പോസ്റ്ററുകൾ അച്ചടിക്കരുതെന്ന് പ്രിന്റിങ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പിടിഐ വോട്ടർമാരെ പോളിങ് സ്റ്റേഷനുകളിലെത്താന്‍ സെെന്യം അനുവദിക്കില്ലെന്ന് വിശകലന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Eng­lish Sum­ma­ry: pak­istan election
You may also like this video

Exit mobile version