Site iconSite icon Janayugom Online

‘അയല്‍വാശി’ക്ക് അവസാനം; പാകിസ്ഥാന്‍ യു ടേണ്‍

ടി20 ലോകകപ്പിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ‑പാകിസ്ഥാൻ പോരാട്ടം നിശ്ചയിച്ച പ്രകാരം നടക്കും. ഈ മാസം 15ന് നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യക്കെതിരെ കളിക്കാൻ പാക് സർക്കാർ ടീമിന് അനുമതി നൽകി. ഇതോടെ ടൂർണമെന്റിലെ ഏറ്റവും വലിയ പോരാട്ടത്തെച്ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമായി. ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ചതിനെ തുടർന്ന് ലോകകപ്പിൽ നിന്ന് പുറത്തായ ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാൻ നേരത്തെ ബഹിഷ്കരണ ഭീഷണി മുഴക്കിയത്. ലാഹോറിൽ ഐസിസി, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി), ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) എന്നിവർ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാകിസ്ഥാൻ നിലപാട് മാറ്റിയത്. ‘സൗഹൃദ രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചും ചർച്ചകളുടെ അടിസ്ഥാനത്തിലും പാക് ടീം ഇന്ത്യക്കെതിരെ കളിക്കുമെന്ന്’ പാക് സർക്കാർ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. കളിക്കാനുള്ള അനുമതി നൽകുന്നതിന് തൊട്ടുമുമ്പ് വരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി കടുത്ത നിലപാടിലായിരുന്നു. ഇന്ത്യയുടെയോ ഐസിസിയുടെയോ ഭീഷണികൾ കണ്ട് താനോ പാകിസ്ഥാൻ സർക്കാരോ ഭയപ്പെടില്ലെന്ന് നഖ്‌വി മാധ്യമങ്ങളോട് പറഞ്ഞു. പാക് സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീറിന്റെ പേര് പരാമർശിച്ചുകൊണ്ടായിരുന്നു നഖ്‌വിയുടെ വെല്ലുവിളി.

തങ്ങളുടെ പ്രതിഷേധം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് വേണ്ടിയായിരുന്നു എന്ന് നഖ്‌വി അവകാശപ്പെട്ടു. ബംഗ്ലാദേശിന്റെ അഭ്യർത്ഥന മാനിച്ചാണ് ഇപ്പോൾ കളിക്കാൻ തയ്യാറായതെന്നും ഇതിൽ വ്യക്തിപരമായ താല്പര്യങ്ങളില്ലെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിന്റെ അഭ്യർത്ഥന പ്രകാരം മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റാൻ ഐസിസി തയ്യാറായിരുന്നില്ല. ഇതിനെതിരെ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ബഹിഷ്കരണത്തിന് ഒരുങ്ങിയത്. എന്നാൽ ഐസിസി കർശന നടപടിക്ക് നീങ്ങിയതോടെ, ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്കരിക്കുക എന്ന നിലപാടിലേക്ക് പാകിസ്ഥാൻ ആദ്യം മാറിയിരുന്നു. ഒടുവിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തലവൻ അമിനുൾ ഇസ്ലാം തന്നെ പാകിസ്ഥാനോട് ഇന്ത്യക്കെതിരെ കളിക്കാൻ ആവശ്യപ്പെട്ടത് തീരുമാനത്തിൽ നിർണായകമായി.

Exit mobile version