ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാൻഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്ഥാൻ ഫൈനലില്‍ കടന്നു. അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെയുള്ള പാക് വിജയം ആധികാരികമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കിവികള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് എടുത്തത്. അര്‍ദ്ധ സെഞ്ചുറി നേടിയ ഡാരില്‍ മിച്ചെല്‍(പുറത്താകാതെ 53), കെയ്ൻ വില്യംസണ്‍(46) എന്നിവരുടെ പ്രകടനമാണ് കിവീസിന് മെച്ചപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ ഡിവോണ്‍ കോണ്‍വെയ്(21)ഉം കിവീസ് സ്കോറില്‍ സംഭാവന നല്‍കിയപ്പോള്‍ മറ്റൊരു ഓപ്പണറായ ഫിൻ അലെൻ (നാല്) നിരാശപ്പെടുത്തി. മിഡില്‍ ഓഡര്‍ ബാറ്റര്‍ ഗ്ലെൻ ഫിലിപ്സും നിരാശപ്പെടുത്തി. ജെയിംസ് നീഷാം(16) പുറത്താകാതെ നിന്നു. പാകിസ്ഥാന് വേണ്ടി ഷഹീൻ ഷാ അഫ്രീദി 24 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും മൊഹമ്മദ് നവാസ് 12 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും എടുത്തു.
മറുപടി ബാറ്റിംഗില്‍ വെടിക്കെട്ടോടെയാണ് പാക് ഓപ്പണര്‍മാര്‍ തുടങ്ങിയത്. അതിനാല്‍ തന്നെ ഫലം തുടക്കത്തില്‍ തന്നെ വ്യക്തമായിരുന്നു. ടീം സ്കോര്‍ 105ലെത്തിയപ്പോള്‍ മാത്രമാണ് പാകിസ്ഥാന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാൻ കിവി ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്. ഓപ്പണര്‍മാര്‍ രണ്ട് പേരും അര്‍ദ്ധ സെഞ്ചുറി നേടുകയും ചെയ്തു. മുഹമ്മദ് റിസ്വാൻ 43 പന്തില്‍ 57ഉം ക്യാപ്റ്റൻ ബാബര്‍ അസം 42 പന്തില്‍ 53ഉം നേടി. ലോകകപ്പില്‍ ആദ്യമായാണ് അസം ഫോമിലേക്ക് ഉയര്‍ന്നത്. മുഹമ്മദ് റിസ്വാൻ 30 റണ്‍സ് നേടി. ഷാൻ മസൂദ്, ഇഫ്തിക്കര്‍ അഹമ്മദ് എന്നിവര്‍ ക്രീസിലെത്തിയപ്പോഴേക്കും പാകിസ്ഥാൻ വിജയത്തോടടുത്തിരുന്നു. ഇരുവരും പുറത്താകാതെ നിന്നു. കിവീസിന് വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട് രണ്ടും മിച്ചല്‍ സാന്റ്നര്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.
നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയാല്‍ ലോകകപ്പില്‍ ഇന്ത്യ‑പാക് സ്വപ്ന ഫൈനലാകും നടക്കുക. 2007ല്‍ ഇന്ത്യ കിരീടം നേടിയ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ മാത്രമാണ് ഇതിന് മുമ്പ് പാകിസ്ഥാൻ ഫൈനലില്‍ എതിരാളികളായി വന്നത്. ഏകദിന ലോകകപ്പ് ഫൈനലുകളിലൊന്നും ഇരു ടീമുകളും ഫൈനലില്‍ മുഖത്തോട് മുഖം വന്നിട്ടില്ല.
English Summery: Pakistan enters to t20 world cup final
You may also like this video