Site iconSite icon Janayugom Online

ഇന്ത്യന്‍ വിമാനങ്ങളുടെ വ്യോമാതിർത്തി നിരോധനം പാകിസ്ഥാന്‍ നീട്ടി

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വ്യോമാതിർത്തി നിരോധനം നവംബർ 23 വരെ നീട്ടി പാകിസ്ഥാന്‍. ഈ മാസം 23ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ് പാകിസ്ഥാൻ ഏവിയേഷൻ അതോറിട്ടി നീട്ടിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടി.
ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന സിവിലിയൻ, സൈനിക വിമാനങ്ങൾക്ക് ഈ നിരോധനം ബാധകമാകും. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു ശേഷമാണ് ആദ്യമായി നിരോധനം ഏര്‍പ്പെടുത്തിയത്.
പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതോടെ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്ക് പോകുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ ദീർഘവും ചെലവേറിയതുമായ റൂട്ടുകൾ ഉപയോഗിക്കേണ്ടി വരുന്നു. ഇത് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വിമാനയാത്രാ ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നതിന് കാരണമായെന്ന് വ്യവസായ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.
പാകിസ്ഥാൻ വിമാനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഇന്ത്യയും തുടരുകയാണ്. ഒക്ടോബർ 24 വരെ പാകിസ്ഥാന്റെ ഉടമസ്ഥതയിലുള്ളതോ പ്രവർത്തിപ്പിക്കുന്നതോ ആയ ഒരു വിമാനത്തിനും ഇന്ത്യൻ വ്യോമാതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കിയിട്ടില്ല.

Exit mobile version