Site iconSite icon Janayugom Online

പാകിസ്ഥാന്‍ പ്രളയം: 3.17 ലക്ഷം കോടിയുടെ സാമ്പത്തിക നഷ്ടം

പാകിസ്ഥാനില്‍ കനത്ത മഴയ്ക്ക് പിന്നാലെയുണ്ടായ പ്രളയത്തില്‍ 3.17 ലക്ഷം കോടിരൂപയുടെ നാശനഷ്ടമുണ്ടായതായി പാകിസ്ഥാന്‍ ദേശീയ വെള്ളപ്പൊക്ക പ്രതികരണ ഏകോപന സമിതി. 1.43 ലക്ഷം കോടി രൂപയുടെ നഷ്ടമായിരുന്നു ആദ്യ ഘട്ടത്തില്‍ കണക്കാക്കിയിരുന്നത്. ധനകാര്യ വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാശനഷ്ടങ്ങളുടെ ഏകദേശ കണക്ക്. 3000 മുതല്‍ 4000 കോടി ഡോളറിന്റെ നാശനഷ്ടം കണക്കാക്കുന്നതായി പാകിസ്ഥാന്‍ ആസൂത്രണ വകുപ്പ് മന്ത്രിയും, വെള്ളപ്പൊക്ക പ്രതികരണ ഏകോപന സമിതിയുടെ അധ്യക്ഷനുമായ അഹ്സാന്‍ ഇക്ബാല്‍ അറിയിച്ചു.

എന്നാല്‍ ലോക ബാങ്കിന്റേയും, ഏഷ്യന്‍ വികസന ബാങ്കിന്റേയും സഹകരണത്തോടെ പ്രളയ ദുരന്ത നിവാരണം ദ്രുത ഗതിയില്‍ നടപ്പിലാക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മാസങ്ങളായി തുടരുന്ന മഴയ്ക്ക് പിന്നാലെയുണ്ടായ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും 3.3 കോടി ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നിരുന്നു. രാജ്യത്തെ ആകെ ജനസംഖ്യ 23 കോടിയാണ്. പാകിസ്ഥാനില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തെ ശരാശരിയേക്കാള്‍ 190 ശതമാനം കൂടുതല്‍ മഴയാണ് കഴിഞ്ഞ ജൂണിലും ഓഗസ്റ്റിലുമായി പെയ്തത്. കനത്ത മഴയില്‍ രാജ്യത്തെ കാര്‍ഷികോല്പാദനത്തിന്റെ 25 ശതമാനമായി ഉല്പാദിപ്പിക്കുന്ന തെക്ക് കിഴക്കന്‍ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ വന്‍ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. പ്രളയത്തെ തുടര്‍ന്ന് സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുകയും രാജ്യത്തെ മൊത്തം ദരിദ്രരുടെ എണ്ണം 90 ലക്ഷത്തില്‍ നിന്ന് 1.2 കോടിയായി വര്‍ധിക്കുകയും ചെയ്തുവെന്നാണ് കണക്കാക്കുന്നത്.

Eng­lish Sum­ma­ry: Pak­istan flood
You may also like this video

 

Exit mobile version