Site icon Janayugom Online

പാകിസ്ഥാന്‍ പ്രളയം‍: ആറ് ലക്ഷം ഗര്‍ഭിണികള്‍ക്ക് അടിയന്തര പരിചരണം ആവശ്യം: യുഎൻ

UN

പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ 6,50,000 ഗർഭിണികൾക്ക് അടിയന്തിര പരിചരണം ആവശ്യമാണെന്ന് യുഎൻ ഏജൻസി. ഒരു ദശലക്ഷത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ലെെംഗിക അതിക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന് യുഎൻ പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്‍പിഎ) മുന്നറിയിപ്പ് നൽകി. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സിന്ധിലും ബലൂചിസ്ഥാനിലും യഥാക്രമം 1000, 198 ആശുപത്രികളാണ് തകര്‍ന്നത്. റോഡുകളും പാലങ്ങളും ഗതാഗത യോഗ്യമല്ലാത്തതിനാല്‍ ഗര്‍ഭിണികളുടെയും നവജാത ശിശുക്കളുടെയും അടിയന്തര ചികിത്സാ സാഹചര്യങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും യുഎന്‍ കൂട്ടിച്ചേര്‍ത്തു. സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ, പഞ്ചാബ് എന്നിവിടങ്ങളിൽ യുഎൻഎഫ്‍പിഎ 8,311 ഡിഗ്നിറ്റി കിറ്റുകളും 7,411 നവജാത ശിശു കിറ്റുകളും 6,412 ക്ലീൻ ഡെലിവറി കിറ്റുകളും വിതരണം ചെയ്യും. ലെെംഗികാതിക്രമം തടയുന്നതിനും ആക്രമണത്തെ അതിജീവിക്കുന്നവർക്കുള്ള ശാരീരിക, മാനസിക. സാമൂഹിക പിന്തുണ ഉൾപ്പെടെയുള്ള സേവനങ്ങൾക്കും മുൻഗണന നൽകുന്നതായി യുഎൻ ഏജൻസി പറഞ്ഞു.
അതേസമയം, ഐക്യരാഷ്ട്രസഭ (യുഎൻ) മേധാവി അന്റോണിയോ ഗുട്ടെറസ് പാകിസ്ഥാന്‍ സന്ദര്‍ശിക്കും. ദശലക്ഷക്കണക്കിന് ആളുകള്‍ വെള്ളപ്പൊക്ക ദുരന്തമനുഭിവക്കുന്ന സാഹചര്യത്തില്‍ ഐക്യദാര്‍ഢ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ഗുട്ടറെസ് പാകിസ്ഥാനിലേക്ക് പോകുമെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി പാകിസ്ഥാൻ ഉദ്യോഗസ്ഥരോടൊപ്പം ഗുട്ടറെസ് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദര്‍ശിക്കും. ദുരിതാശ്വാസ ക്യമ്പുകളിലുള്ള കൂടുംബങ്ങളുമായി ഗുട്ടറെസ് കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ ഒമ്പതിന് ഗുട്ടറെസ് ഇസ്‍ലാമാബാദിലെത്തുമെന്നാണ് സൂചന. പാകിസ്ഥാനിലേക്കുള്ള 160 മില്യണ്‍ ഡോളറിന്റെ ദ്രുത പ്രതികരണ ഫണ്ടിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ഗുട്ടറെസിന്റെ സന്ദര്‍ശനം.
ദ്രുത പ്രതികരണ ഫണ്ട് 5.2 ദശലക്ഷം ആളുകൾക്ക് ഭക്ഷണം, വെള്ളം, ശുചിത്വം, അടിയന്തര വിദ്യാഭ്യാസം, ആരോഗ്യ സഹായം എന്നിവ നൽകുമെന്ന് ഗുട്ടറെസ് പറഞ്ഞിരുന്നു. സഹായത്തിനായുള്ള പാകിസ്ഥാന്റെ അഭ്യർത്ഥനയോട് അന്താരാഷ്ട്ര സമൂഹം വേഗത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎന്‍ മേധാവിയുടെ സന്ദര്‍ശനത്തെ പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് അസിം ഇഫ്തിഖര്‍ അഹമ്മദ് സ്വാഗതം ചെയ്തു. 

Eng­lish Sum­ma­ry: Pak­istan floods: Six lakh preg­nant women need urgent care: UN

You may like this video also

Exit mobile version