പാകിസ്ഥാനില്‍ നാശം വിതച്ച് പ്രളയം. രാജ്യത്തിന്റെ മൂന്നിലൊന്ന് മേഖലകളും വെള്ളത്തിനടിയിലായി. 1,136 പേര്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചതായാണ് ദേശീയ ദുരന്തനിവാരണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
388.7 മില്ലിമീറ്റർ മഴയാണ് ഈ വര്‍ഷം ലഭിച്ചത്. രാജ്യത്തിന്റെ ദേശീയ ശരാശരിയായ 134 മില്ലിമീറ്ററിന്റെ മൂന്നിരട്ടിയാണിത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ഓഗസ്റ്റിൽ മാത്രം 166.8 മില്ലിമീറ്റർ മഴയാണ് രാജ്യത്ത് പെയ്തത്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ 10 ബില്യണ്‍ ഡോളറിലധികം ചെലവാണ് പ്രതീക്ഷിക്കുന്നത്. പാകിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്ന് ശതമാനത്തോളം വരുമിത്.
സിന്ധ്, ബലുചിസ്ഥാന്‍ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. രണ്ടരലക്ഷം ഏക്കറിലധികം കൃഷി നശിച്ചു. 1.6 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമുണ്ടായതായാണ് അനൗദ്യോഗിക കണക്കുകള്‍. 66 ജില്ലകളെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു. മഴ തുടരുന്നതിനാല്‍ ദുരന്തബാധിത പ്രദേശങ്ങളുടെ എണ്ണം ഉയര്‍ന്നേക്കും. ആകെ ജനസംഖ്യയുടെ ഏഴിലൊന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 2010 ലാണ് ഇതിനുമുന്‍പ് ഇത്രെയും രൂക്ഷമായ വെളളപ്പൊക്കമുണ്ടാകുന്നത്. 2000 പേരാണ് അന്ന് മരിച്ചത്. കാലാവസ്ഥാ വ്യതിയാനമാണ് വെള്ളപ്പൊക്കത്തിന്റെ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥാ വ്യതിയാന സൂചികയിലെ എട്ടാമത്തെ രാജ്യമാണ് പാകിസ്ഥാന്‍.
അതിനിടെ, സിന്ധ് പ്രവിശ്യയില്‍ വെള്ളപ്പൊക്കബാധിതരുമായി പോയ ബോട്ട് മുങ്ങി 13 പേര്‍ മരിച്ചു. 25 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. എട്ട് പേരെ രക്ഷപ്പെടുത്തി, ബിലാവല്‍പൂരില്‍ നിന്നുള്ള ആള്‍ക്കാരുമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നോഡല്‍ ഡിസാസ്റ്റര്‍ ഏജന്‍സി രൂപീകരിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങളെ ഏജന്‍സി ഏകോപിപ്പിക്കും. ഇതിനു പുറമെ, പാക് സര്‍ക്കാരും ഐക്യരാഷ്ട്ര സഭയും സംയുക്തമായി 2022 പാകിസ്ഥാന്‍ വെള്ളപ്പൊക്ക പ്രതികരണ പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കാനഡ അഞ്ച് മില്യണ്‍ ഡോളറും ചെെന 100 മില്യണ്‍ യുവാനും ധനസഹായം പ്രഖ്യാപിച്ചു. പാകിസ്ഥാനിലേക്ക് ഭക്ഷണം, മരുന്നുകള്‍, ടെന്റുകൾ, പാർപ്പിട സാമഗ്രികൾ എന്നിവ ഉടൻ എത്തിക്കുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. 1.5 ദശലക്ഷം പൗണ്ടിന്റെ ധനസഹായം യുകെയും പ്രഖ്യാപിച്ചു.
English Summary: Pakistan in flood
You may like this video also