Site iconSite icon Janayugom Online

പാകിസ്ഥാൻ നാവികസേന കപ്പൽവേധ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു

തദ്ദേശീയമായി വികസിപ്പിച്ച പുതിയ കപ്പൽ വിരുദ്ധ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാന്‍. ഉയർന്ന കൃത്യതയോടെ കടലിലെയും കരയിലെയും ലക്ഷ്യങ്ങളെ ആക്രമിക്കാൻ മിസെെലിന് കഴിയുമെന്ന് ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നൂതന മാര്‍ഗനിര്‍ദേശ സാങ്കേതിക വിദ്യയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിജയകരമായ പരീക്ഷണം രാജ്യത്തിന്റെ വളർന്നുവരുന്ന സാങ്കേതിക വൈദഗ്ധ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് നാവികസേന വക്താവ് പറഞ്ഞു.
പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസ, സർവീസസ് മേധാവികൾ എന്നിവര്‍ നേട്ടത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞർക്കും എന്‍ജിനീയര്‍മാര്‍ക്കും അഭിനന്ദനങ്ങൾ അറിയിച്ചു. മേയ് മാസത്തില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷത്തിനു ശേഷം, പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ പാകിസ്ഥാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സെപ്റ്റംബറിൽ, പാകിസ്ഥാൻ സൈന്യം പുതുതായി വികസിപ്പിച്ചെടുത്ത ഫത്താ-4 ന്റെ പരിശീലന വിക്ഷേപണം നടത്തിയിരുന്നു. 750 കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂയിസ് മിസൈലാണിത്.

Exit mobile version