Site iconSite icon Janayugom Online

ജമ്മു കശ്മീര്‍ അതിര്‍ത്തി നിര്‍ണയ കമ്മിഷന്റെ റിപ്പോര്‍ട്ട് തള്ളി പാകിസ്ഥാന്‍

ജമ്മു കശ്മീര്‍ അതിര്‍ത്തി നിര്‍ണയ കമ്മിഷന്റെ റിപ്പോര്‍ട്ട് തള്ളി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം. അതിര്‍ത്തി നിര്‍ണയ കമ്മിഷന്റെ റിപ്പോര്‍ട്ട് നിരസിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള പ്രസ്താവന, എംബസി ചുമതലയുള്ള ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം കെെമാറിയത്.

കശ്മീരിലെ മുസ്‍ലീം ഭൂരിപക്ഷ സമൂഹത്തിന്റെ അവകാശങ്ങളും അധികാരവും നിഷേധിക്കാനാണ് അതിര്‍ത്തി നിര്‍ണയ കമ്മിഷന്‍ ലക്ഷ്യമിടുന്നതെന്ന് പാക് വിദേശകാര്യ മന്ത്രാലയം പറ‍ഞ്ഞു. റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളിക്കളയുന്നതായും മന്ത്രാലയം പ്രസ്‍താവനയില്‍ അറിയിച്ചു. അതിര്‍ത്തി പുനര്‍നിര്‍ണയം പ്രഹസനം മാത്രമാണെന്നും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായും പ്രസ്‍താവനയില്‍ ചൂണ്ടിക്കാട്ടി.

അനുച്ഛേദം 370 അസാധുവാക്കിയ നടപടികള്‍ക്ക് നിയമസാധുത നല്‍കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്നും പാകിസ്ഥാന്‍ ആരോപിച്ചു. പുനര്‍നിര്‍ണയം നടത്തിയ മണ്ഡലങ്ങളിലെ മുസ്‍ലിം പ്രാതിനിധ്യം കുറഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ ഗൂഡലക്ഷ്യത്തിന്റെ തെളിവാണെന്നും പ്രസ‍്‍താവനയില്‍ പറഞ്ഞു.

ജമ്മുകശ്മീരിലെ അസംബ്ലി, പാര്‍ലമെന്റ് മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തിനാണ് റിട്ട.ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ മൂന്നംഗ സമിതിയെ ഇന്ത്യന്‍ സര്‍ക്കാര്‍ നിയോഗിച്ചത്. ജമ്മുവില്‍ ആറും കശ്മീരില്‍ ഒന്നും അധിക സീറ്റുകള്‍ അനുവദിച്ചുകൊണ്ട് അന്തിമ റിപ്പോര്‍ട്ട് കമ്മിഷന്‍ വി‍ജ്ഞാപനം ചെയ്തിരുന്നു. പുനര്‍നിര്‍ണയ പ്രകാരം, 90 അംഗ അംഗ നിയമസഭയില്‍ ജമ്മുവില്‍ 43 അസംബ്ലി സീറ്റുകളും കശ്മീരില്‍ 47 സീറ്റുകളുമാണുള്ളത്.

Eng­lish summary;Pakistan rejects Jam­mu and Kash­mir Bound­ary Com­mis­sion report

You may also like this video;

Exit mobile version