ചരിത്രം ആവർത്തിച്ച് പാകിസ്ഥാനിൽ മറ്റൊരു പ്രധാനമന്ത്രി കൂടി കാലാവധി പൂർത്തിയാക്കാതെ പുറത്തായിരിക്കുകയാണ്. പാകിസ്ഥാൻ ഒരു ജനാധിപത്യ രാഷ്ട്രമാണോ എന്ന് ചോദിച്ചാൽ ആണ്. ജനാധിപത്യത്തിന് അവിടെ അർത്ഥവും വ്യാപ്തിയുമുണ്ടോ എന്ന് പരിശോധിച്ചാൽ സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ ഇല്ല എന്നുതന്നെ പറയേണ്ടിവരും. കാലാവധി പൂർത്തിയാക്കാതെ പുറത്തുപോകുകയെന്ന പാകിസ്ഥാൻ പ്രധാനമന്ത്രിമാരുടെ ദുർവിധി തന്നെയാണ് ഇമ്രാൻ ഖാനെയും വേട്ടയാടിയിരിക്കുന്നത്. എല്ലാ പ്രധാനമന്ത്രിമാരെയും പോലെ തന്നെ അദ്ദേഹത്തിന്റെ സ്വയംകൃതാനർത്ഥങ്ങളും പുറത്താക്കലിന് ആക്കം കൂട്ടി.
പാകിസ്ഥാനിൽ വർധിക്കുന്ന പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിൽ ഇമ്രാൻ ഭരണകൂടം പരാജയപ്പെട്ടെന്നും തെറ്റായ വിദേശനയം രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ആരോപിച്ചാണ് ഇമ്രാനെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. പുതിയ പാകിസ്ഥാൻ വാഗ്ദാനം ചെയ്ത് ഭരണത്തിലെത്തിയ ഇമ്രാൻ സർക്കാർ മൂന്നു കൊല്ലത്തിനകം രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും കുന്നുകൂടിയ വിദേശ കടം ഇമ്രാന്റെ പിടിപ്പുകേട് കൊണ്ടാണെന്നും പ്രതിപക്ഷം ആരോപിച്ചു. (2022 ജനുവരിയിലെ കണക്കനുസരിച്ച് ചില്ലറ വില്പനയെ അടിസ്ഥാനമാക്കിയുള്ള പാകിസ്ഥാനിലെ പണപ്പെരുപ്പം 13 ശതമാനമാണ്. ഭക്ഷ്യ‑ഇന്ധന വിലകളിലെ പണപ്പെരുപ്പം ആറുമാസത്തിനിടെ വർധിച്ചത് 15 ശതമാനവുമാണ്). ഇമ്രാൻ ഭരണകൂടത്തിന്റെ വിദേശ നയങ്ങൾ വൻപരാജയമെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്. ഇമ്രാന്റെ ഇന്ത്യയെ പ്രകീർത്തിക്കൽ, അമേരിക്കയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ, റഷ്യയേയും ചൈനയേയും പ്രീണിപ്പിച്ചു നിർത്താനുള്ള ശ്രമങ്ങൾ എല്ലാം പ്രതിലോമമാണെന്നും പ്രതിപക്ഷം വാദിക്കുന്നു.
ഇതുകൂടി വായിക്കൂ: സഖ്യകക്ഷിയും കൈവിട്ടു ഇമ്രാന്‍ ഖാന്‍ പുറത്തേക്ക്
പാകിസ്ഥാനിൽ ഭരണത്തിലിരിക്കുന്ന നേതാവിനെതിരെ അവിശ്വാസം കൊണ്ടുവരുന്നത് വളരെ അപൂർവമായിരുന്നെങ്കിലും പ്രതിപക്ഷം ഇത്തവണ അതിന് മുതിർന്നു. നടപടിയെ തകിടം മറിക്കാൻ ഇമ്രാൻഖാൻ പല നീക്കങ്ങളും നടത്തിയെങ്കിലും സൈന്യത്തിന്റെ കണ്ണടയ്ക്കലും കോടതിയുടെ ഇടപെടലും അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ഇമ്രാന്റെ എല്ലാ പരിശ്രമങ്ങളും വൃഥാവിലാക്കി.
“എല്ലാ രാജ്യങ്ങൾക്കും പട്ടാളമുണ്ട്. എന്നാൽ പാകിസ്ഥാനിലുള്ളത് പട്ടാളത്തിന് ഒരു രാജ്യമാണ്” എന്ന ചൊല്ലിനെ വീണ്ടും അന്വർത്ഥമാക്കിയിരിക്കുകയാണ് ഇമ്രാന്റെ പുറത്താക്കൽ. പാകിസ്ഥാൻ ജനാധിപത്യ രാഷ്ട്രമാണെന്നൊക്കെ പറയുമെങ്കിലും പട്ടാളമാണ് ആ രാജ്യത്തെ ഇതുവരേയും നിയന്ത്രിച്ചിട്ടുള്ളത്. അത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു. 2018ൽ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത പാർലമെന്റിൽ ചെറുപാർട്ടികളെ കൂട്ടിക്കെട്ടി കേവല ഭൂരിപക്ഷം ഒപ്പിക്കാൻ ഇമ്രാനെ സഹായിച്ചത് പട്ടാളമായിരുന്നു. അന്ന് പട്ടാളത്തിന്റെ ഇഷ്ട തോഴനായിരുന്നു ഇമ്രാൻ. എന്നാൽ ആർമി ചീഫ് ജനറൽ ഖമർ ബജ്വ നിർദേശിച്ച പുതിയ ഐഎസ്ഐ ചീഫിന് അംഗീകാരം നല്കാൻ ഇമ്രാൻ വിസമ്മതിച്ചതോടെ സ്വരച്ചേർച്ച ഇല്ലാതായി. അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുന്നതിന് മുൻപ് പട്ടാളമേധാവി ജനറൽ ഖമർ ബജ്വയെ സ്ഥാനത്ത് നിന്ന് നീക്കാൻ ഇമ്രാൻ നടത്തിയ നീക്കവും തിരിച്ചടിയായി.
അതുപോലെ പാകിസ്ഥാൻ കോടതികൾക്കും കരുത്തരായ നേതാക്കളെ മുട്ടുകുത്തിച്ച ചരിത്രമുണ്ട്. 1999 ൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അട്ടിമറിച്ച് ഭരണം കവർന്ന പട്ടാള മേധാവിയായ ജനറൽ പർവേസ് മുഷറഫിന് കോടതിയുമായി കൊമ്പുകോർത്തതിന്റെ പരിണതിയിൽ രാജ്യം വിട്ടോടേണ്ടിവന്നു. 2019ൽ മുഷറഫിന് വധശിക്ഷവരെ കോടതി വിധിച്ചുകളഞ്ഞു.
ഇതുകൂടി വായിക്കൂ: പാകിസ്ഥാന്‍ രാഷ്ട്രീയം അനിശ്ചിതത്വത്തിലേക്ക്
പാകിസ്ഥാനിൽ പ്രതിപക്ഷം അധികാരത്തിലേറിയാൽ അതുവരെ ഭരിച്ച നേതാക്കൾ രാജ്യം വിട്ടോടുന്നതാണ് കീഴ്‌വഴക്കം. പർവേസ് മുഷറഫ്, ബേനസീർ ഭൂട്ടോ, നവാസ് ഷെരീഫ് എല്ലാം ഈ പാത പിൻതുടർന്നവരാണ്. ഇമ്രാൻ ഖാൻ എന്തായാലും നാടുവിട്ടോടിയിട്ടില്ല. ഇപ്പോൾ അധികാരമേറ്റ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആർക്കുമെതിരെ പ്രതികാര നടപടികൾ ഒന്നും കൈക്കൊള്ളില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ഒരു കാലത്തും നമ്പാൻ കൊള്ളാത്തവരാണ് പാകിസ്ഥാനിലെ നേതാക്കൾ എന്നതിനാൽ ഇമ്രാന്റെ ഭാവി ഇനി കണ്ടറിയാം.
പാകിസ്ഥാനിൽ ഓരോതവണ ഭരണമാറ്റം സംഭവിക്കുമ്പോഴും ഇന്ത്യാ-പാക് ബന്ധം പ്രധാന ചർച്ചാ വിഷയമാണ്. അധികാരം നഷ്ടപ്പെടുന്നതിന് തൊട്ടുമുൻപ് ഇന്ത്യയുടെ പരമാധികാരത്തെയും വിദേശനയത്തെയും പുകഴ്ത്താൻ ഇമ്രാൻ ഖാൻ മടികാട്ടിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ മൂന്ന് വർഷത്തെ ഭരണകാലം ഇന്ത്യാ-പാക് ബന്ധത്തിന് ഒട്ടും സുഖകരമായിരുന്നില്ല. 2019 ഫെബ്രുവരിയിൽ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 ജവാൻമാർ കൊല്ലപ്പെടുകയും അധിനിവേശ കശ്മീരിലെ ബാലാകോട്ടിലെ ഭീകരവാദി ക്യാമ്പുകൾ തിരിച്ചടിയായി ഇന്ത്യ തകർക്കുകയും ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന നയതന്ത്രബന്ധങ്ങളും മോശമായി. ഇമ്രാൻ സർക്കാരിന് ഇന്ത്യയുടെ കാര്യത്തിൽ പ്രത്യേകിച്ച് ഒരു നയം ഉണ്ടായിരുന്നില്ലെന്നും നയതന്ത്ര വിദഗ്ധൻമാർ നിരീക്ഷിക്കുന്നുണ്ട്. ഇസ്‌ലാമികതയെ മുൻനിർത്തി വർഗീയ അജണ്ടകൾ മുന്നോട്ടുവച്ച് അധികാരത്തിൽ തുടരാനായിരുന്നു ഇമ്രാന്റെ ശ്രമമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മൂർച്ഛിച്ചതും ചൈന‑റഷ്യ ചായ്‌വിലൂടെ അമേരിക്കയെ പിണക്കിയതുമെല്ലാം ഇമ്രാന് പ്രതികൂലമാവുകയായിരുന്നു. സർക്കാർ ചൈനയ്ക്കൊപ്പം പോയാലും പാക് സൈന്യത്തിന് അമേരിക്കയോടാണ് കൂറ്.
ഇതുകൂടി വായിക്കൂ: ഷെഹബാസ് ഷെരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രി
നവാസ് ഷെരീഫ് പ്രധാനമന്ത്രി ആയിരുന്ന കാലയളവിൽ ഇന്ത്യ‑പാക് ബന്ധം മെച്ചപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളതായി കാണാം. നവാസിന്റെ സഹോദരൻ ഷഹബാസ് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ സമീപനം ആശാവഹമാകുമെന്ന് കരുതപ്പെടുന്നു. അധികാരമേറ്റവേളയിൽ ഷഹബാസ് കശ്മീർ പ്രശ്നം പരാമർശിച്ചെങ്കിലും പിന്നീട് തന്ത്രജ്ഞതയോടെയാണ് പ്രതികരിച്ചു കണ്ടത്. പാകിസ്ഥാൻ സേനാ മേധാവി ഖമർ ജാവേദ് ബജ്വ ഇന്ത്യ‑പാക് ശത്രുതയുടെ അർത്ഥമില്ലായ്മ ചൂണ്ടിക്കാട്ടി പറഞ്ഞത് ഇരുരാജ്യങ്ങളും പരസ്പര സംഘർഷത്തിന്റെ പേരിൽ പാഴാക്കുന്ന പണം വികസന പ്രവർത്തനങ്ങൾക്കും രാജ്യക്ഷേമത്തിനും വിനിയോഗിക്കണമെന്നാണ്. ഈ വിവേകം ആത്മാർത്ഥമെങ്കിൽ ഈ അയൽ രാജ്യങ്ങൾക്ക് ശാന്തിയും സമാധാനവും കൈവരിച്ച് പുരോഗതിയുടെ പാതയിൽ മുന്നേറാൻ കഴിഞ്ഞേനെ. എല്ലാം നിയന്ത്രിക്കുന്ന പാക് പട്ടാളത്തിന് മനോവ്യതിയാനമുണ്ടാകാതിരിക്കട്ടെ.
മാറ്റൊലി
പൗരാണിക സംസ്കൃതികളുടെ ഈറ്റില്ലമായ ഒരു മണ്ണിൽ അധിനിവേശ സംസ്കൃതികൾ വേരുറയ്ക്കില്ല. പാകിസ്ഥാനും അഫ്ഗാനും ഈജിപ്റ്റുമൊക്കെ മണ്ണിന്റെ സംസ്കൃതി വീണ്ടെടുക്കുന്നതുവരെ നീറിപ്പുകഞ്ഞുകൊണ്ടിരിക്കും