Site iconSite icon Janayugom Online

ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനിടെ, ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ. 450 കിലോമീറ്റർ ദൂരപരിധിയുള്ള ഉപരിതല-ഉപരിതല ബാലിസ്റ്റിക് മിസൈലായ അബ്ദാലിയാണ് പാകിസ്ഥാൻ പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് പാകിസ്ഥാന്‍ സൈന്യം അവകാശപ്പെട്ടു. പരീക്ഷണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു.

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും (എൽഒസി) അന്താരാഷ്ട്ര അതിർത്തിയിലും വെടിവയ്പ് സംഭവങ്ങൾ ദിനംപ്രതി വർധിച്ചുവരുന്നതിനിടെയാണ് പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം. പാകിസ്ഥാന്റെ സൈനിക തലവന്മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ പരിശീലനം വീക്ഷിക്കാനെത്തിയിരുന്നു. പരീക്ഷണം നടത്തിയത് സൈനിക തയ്യാറെടുപ്പുകളുടെ ഭാഗമായിട്ടാണെന്നും പാക് സൈന്യം വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സൈനിക നടപടിക്കൊരുങ്ങുന്നു എന്ന ആശങ്ക പാക് നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു.

പാകിസ്ഥാന്റെ ഇത്തരം പരീക്ഷണം നടത്തൽ പ്രകോപനമായി കണക്കാക്കുമെന്ന് നേരത്തെ, ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ ഉടന്‍ തിരിച്ചടിക്കുമെന്നും ഇന്ത്യയുടെ കര‑നാവിക‑വ്യോമ സേന കഴിഞ്ഞ ദിവസം അറിയിച്ചു. വ്യോമസേനയും നാവികസേനയും തുടര്‍ച്ചയായി സൈനികാഭ്യാസം നടത്തിവരുകയാണ്. അതേസമയം തുടര്‍ച്ചയായ ഒമ്പതാം ദിവസവും ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ വിവിധയിടങ്ങളില്‍ പാക് സേന ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുപ്‌വാര, ഉറി, അഖ്‌നൂര്‍ മേഖലകളിലാണ് പ്രധാനമായും വെടിവയ്‌പ് നടക്കുന്നത്. പാക് പ്രകോപനത്തിന് ശക്തമായ മറുപടി ഇന്ത്യൻ സൈന്യം നൽകിയെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. 

Exit mobile version