Site iconSite icon Janayugom Online

അന്തിമ തീരുമാനമാകാതെ പാകിസ്ഥാന്‍; മൂന്നിടങ്ങളില്‍ വീണ്ടും തെരഞ്ഞെടുപ്പ്

വോട്ടെടുപ്പ് അവസാനിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും ഫലം പ്രഖ്യാപിക്കാനാകാതെ പാകിസ്ഥാന്‍. ഈ മാസം എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ നിലവില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍ നില്‍ക്കുന്നത്.
തെരഞ്ഞെടുപ്പ് നടന്ന 266 അസംബ്ലി മണ്ഡലങ്ങളില്‍ പുറത്തുവന്ന 256 സീറ്റുകളുടെ ഫലം അനുസരിച്ച് 93 ഇടത്ത് പിടിഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍-എന്‍) പാര്‍ട്ടിയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും യഥാക്രമം 73, 54 സീറ്റിലും വിജയിച്ചിട്ടുണ്ട്. ജയിച്ച മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പിഎംഎല്‍-എന്നില്‍ ചേര്‍ന്നു. എന്‍എ‑54, 48, 253 എന്നീ സീറ്റുകളില്‍ യഥാക്രമം വിജയിച്ച ബാരിസ്റ്റര്‍ അഖ്വീല്‍, രാജ ഖുറ്‌റം നവാസ്, മിയാന്‍ ഖാന്‍ ബുഗ്ടി എന്നിവരാണ് നവാസ് ഷെരീഫിന്റെ പാര്‍ട്ടിയിലേക്ക് ചേര്‍ന്നത്.

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ച് എന്‍എ 88(ഖുഷാബ് II), പിഎസ്-18 (ഖോട്കി I), പികെ-90 (കൊഹാട് I) എന്നിവിടങ്ങളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ സുതാര്യത സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ പിടിഐ ആഹ്വാനം ചെയ്തു. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ സഖ്യ സര്‍ക്കാരാകും അധികാരത്തിലേറുക. അനിശ്ചിത്വത്തിനു പിന്നാലെ പിഎംഎല്‍-എന്നും പിപിപിയും സര്‍ക്കാര്‍ രൂപീകരണത്തിന് ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇരു പാര്‍ട്ടികളും ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

സഖ്യസർക്കാർ രൂപീകരിക്കാനുള്ള നവാസ് ഷെരീഫിന്റെ ആഹ്വാനത്തെ സെെനിക മേധാവി പിന്തുണച്ചു. പാകിസ്ഥാന്റെ വൈവിധ്യമാർന്ന രാഷ്ട്രീയത്തെയും ബഹുസ്വരതയെയും ഏകീകൃത സർക്കാർ പ്രതിനിധീകരിക്കുമെന്ന് ജനറൽ അസിം മുനീർ പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ പക്വതയോടും ഐക്യത്തോടും കൂടി പ്രതികരിക്കേണ്ടത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ബാധ്യതയാണെന്നും മുനീര്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ ഫലം വൈകിവരുന്നതില്‍ ആഗോളതലത്തില്‍ തന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

Eng­lish Summary:Pakistan unde­cid­ed; Re-elec­tion in three seats
You may also like this video

Exit mobile version