Site icon Janayugom Online

ആഹാ സെമി: ഫൈനല്‍ ലക്ഷ്യമിട്ട് പാകിസ്ഥാനും ന്യൂസിലന്‍ഡും

cricket

ടി20 ലോകകപ്പില്‍ ആദ്യ സെമിഫൈനല്‍ പോരാട്ടം ഇന്ന് നടക്കും. പാകിസ്ഥാനും ന്യൂസിലന്‍ഡും കൊമ്പുകോര്‍ക്കുന്ന മത്സരം സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 1.30നാണ് നടക്കുക. ത്രിരാഷ്ട്ര പരമ്പര ഫൈനലില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ അഞ്ചുവിക്കറ്റിന് തോല്പിച്ച് കിരീടം നേടിയിരുന്നു. ഇതിന് കണക്കുചോദിക്കാന്‍ കൂടിയാകും ന്യൂസിലന്‍ഡ് പാക് പടയ്ക്കെതിരെ ഇറങ്ങുക. 

ഗ്രൂപ്പ് രണ്ടില്‍ ആയിരുന്ന പാകിസ്ഥാന്‍ നാടകീയതകള്‍ക്കൊടുവിലാണ് സെമിയിലേക്ക് പ്രവേശിച്ചത്. ഇന്ത്യയോടും സിംബാബ്‌വെയോടും തോറ്റ പാകിസ്ഥാനെ രക്ഷിച്ചത് നെതര്‍ലന്‍ഡ്‌സാണ്. ഡച്ചുകാര്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെ പാകിസ്ഥാന് സെമിയിലേക്ക് വഴിതുറന്നു. ഒപ്പം നിര്‍ണായക മത്സരത്തില്‍ ബംഗ്ലദേശിനെ തകര്‍ത്തതോടെ ഒരുഘട്ടത്തില്‍ പോയിന്റ്പട്ടികയില്‍ നാലാമത് മാത്രമായിരുന്ന പാകിസ്ഥാന്‍ സെമിയിലെത്തുകയും ചെയ്തു.
എന്നാല്‍ കിവീസ് സെമിയിലെത്തിയത് ഒന്നാം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ്.

കഴിഞ്ഞ തവണ ഫൈനലില്‍ തോറ്റ് കയ്യെത്തും ദൂരത്ത് കിരീടം നഷ്ടമാക്കിയ ന്യൂസിലന്‍ഡ് ഇത്തവണ പിഴവുകള്‍ എല്ലാം തിരുത്തിയാകും കളത്തിലിറങ്ങുക. ട്രെന്റ് ബോള്‍ട്ട് ഉള്‍പ്പെട്ട ബൗളിങ് നിര കിവീസിന്റെ ശക്തിയാണ്. പാകിസ്ഥാനും മികച്ച പേസര്‍മാരാണുള്ളത്. എ­ന്നാല്‍ ലോകകപ്പില്‍ അവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെന്നു വേ­ണം പറയാന്‍. നേര്‍ക്കുനേര്‍ കണക്കില്‍ പാകിസ്ഥാനാണ് മുന്നില്‍. ഇരുവരും 28 തവണ മത്സരിച്ചപ്പോള്‍ 17 തവണയും പാകിസ്ഥാനായിരുന്നു ജയം. അവസാനം നടന്ന ആറ് മത്സരങ്ങളില്‍ നാലിലും പാകിസ്ഥാന്‍ ജയിക്കുകയുണ്ടായി. 

Eng­lish Sum­ma­ry: Pak­istan vs New Zealand Aim­ing for Final

You may also like this video

Exit mobile version