1961ൽ ജനുവരി 17നാണ് ചരിത്രമുറങ്ങുന്ന ഒരു മണ്ണ് ഇന്ത്യ പാകിസ്ഥാനിൽ നിന്നും വാങ്ങുന്നത്. അതിന് പാകിസ്ഥാൻ വിലയായി ചോദിച്ചത് 12 ഗ്രാമങ്ങൾ. ഇന്ത്യ അത് നല്കി. കാരണം അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു നമുക്ക് ആ ഗ്രാമം. ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലെ ഹുസൈനിവാല ഗ്രാമമാണത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വീരസ്മരണകൾ ഉണർത്തുന്ന സ്ഥലം. അവിടെയാണ് ഭഗത്‌സിങ്, സുഖ്ദേവ്, രാജഗുരു എന്നിവരുടെ സമാധി സ്ഥലം.
ലാഹോർ ഗൂഢാലോചനക്കേസിൽ 1931 മാർച്ച് 31നാണ് ഇവരെ തൂക്കിലേറ്റിയത്. ഹുസൈനിവാല ഗ്രാമത്തിന്റെ അടുത്തുള്ള ലാഹോർ ജയിലിലാണ് വളരെ രഹസ്യമായി വധശിക്ഷ നടപ്പിലാക്കിയത്. വിവരം പുറത്തറിഞ്ഞാൽ കലാപം നടക്കുമെന്ന് ബ്രിട്ടീഷുകാർ ഭയന്നു. ജയിലിന്റെ പിൻമതിൽ പൊളിച്ചാണ് മൃതദേഹങ്ങൾ ഹുസൈനിവാല ഗ്രാമത്തിലെ നദിക്കരയിൽ എത്തിച്ച് സംസ്കരിച്ചത്.
പിന്നീട് നാട്ടുകാർ ഇത് തിരിച്ചറിഞ്ഞു. അവിടെ സമാധി പണിതുയർത്തി. ഇന്ത്യ വിഭജിച്ചപ്പോൾ ഇവിടം പാകിസ്ഥാനിലായിപ്പോയി. ഈ ഭൂമിയോട് ഇന്ത്യൻ ജനതയ്ക്കുള്ള വൈകാരികമായ ആത്മബന്ധമാണ് ഇത് തിരിച്ച് പിടിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയാറായത്.