ഭീകരസംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കി പാക്ക് ലഷ്‌കർ കമാൻഡർ. യുഎസ് ഭീകര സംഘടനകളായി പ്രഖ്യാപിച്ച രണ്ട് സംഘടനകൾ തമ്മിലുള്ള സഹകരണം ആശങ്കയുണ്ടാക്കുന്നതാണ്. ആയുധ പരിശീലനം, ധനസമാഹരണം എന്നിവ ഉൾപ്പെടുന്ന വിശാലമായ സഖ്യം കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രപരമായ ശ്രമമാണ് ഭീകരസംഘടനകളുടെ ഭാഗത്തുനിന്ന് സംഭവിക്കുന്നതെന്നാണ് വിലയിരുത്തൽ.
ലഷ്‌കറിന്റെ രാഷ്ട്രീയ പാർട്ടിയായി കണക്കാക്കപ്പെടുന്ന പാക്കിസ്ഥാൻ മർകസി മുസ്‌ലീം ലീഗിന്റെ (പിഎംഎംഎൽ) കമാൻഡറായ ഫൈസൽ നദീമാണ് ഹമാസുമായി സഖ്യമുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയത്. 2024ൽ ദോഹയിൽ വച്ച് മുതിർന്ന ഹമാസ് നേതാക്കളെ കണ്ടതായാണ് വെളിപ്പെടുത്തൽ. പാക്കിസ്ഥാനിലെ സിന്ധ് സ്വദേശിയാണ് നദീം. ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിനു പിന്നിലെ സൂത്രധാരൻ എന്ന് ആരോപിക്കപ്പെടുന്ന സൈഫുള്ള കസൂരിയും തന്നോടൊപ്പം ദോഹയിലെ കൂടിക്കാഴ്ചയിൽ പങ്കെടുത്തെന്നും നദീം വെളിപ്പെടുത്തി. ഹമാസ് നേതാവ് ഖാലിദ് മഷാലിനെയാണ് ഇരുവരും സന്ദർശിച്ചത്.
ജനുവരി ഏഴിന് പാക്കിസ്ഥാനിലെ ഗുജ്രൻവാലയിൽ പിഎംഎംഎൽ സംഘടിപ്പിച്ച പരിപാടിക്കിടെ ഹമാസ് കമാൻഡർ നാജി സഹീറും ലഷ്കർ കമാൻഡർ റാഷിദ് അലി സന്ധുവും തമ്മില്‍ കൂടിക്കാഴ്ച നടന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2023 ഒക്ടോബർ മുതൽ സഹീർ ഏകദേശം 15 തവണ പാക്കിസ്ഥാൻ സന്ദർശിച്ചതായാണ് വിവരം. അതേസമയം ഭീകരസംഘടനകൾ തമ്മിലുള്ള സഖ്യത്തെ ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങൾ സസൂക്ഷമം നിരീക്ഷിക്കുകയാണ്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് അടക്കമുള്ള രാജ്യാന്തര ഏജൻസികളും ഹമാസ്-ലഷ്‌കർ സഖ്യത്തെ നിരീക്ഷിച്ചു വരികയാണ്. ഭീകരവാദ സംഘടനകൾക്കിടയിലെ മേഖലാതല സഹകരണം ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുമോയെന്നും രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നുണ്ട്.

