Site iconSite icon Janayugom Online

ഇറാനില്‍ പകിസ്ഥാന്റെ പ്രത്യാക്രമണം,കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഇറാനില്‍ പാകിസ്ഥാന്റെ മിസൈല്‍ ആക്രമണം. രണ്ട് ബലൂച് വിഘടനവാദി താവളങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. പാക് ആക്രമണത്തില്‍ നാല് കുട്ടികളടക്കം ഒമ്പതുപേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇറാനിലെ സിയസ്ഥാനില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ലിബറേഷന്‍ ആര്‍മിഎന്നിവയുടെ ഒളിത്താവളങ്ങള്‍ക്കുനേരെയാണ് പാകിസ്ഥാന്റെ വ്യോമാക്രമണം. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു. പാകിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇറാന്‍ പ്രതിഷേധം അറിയിച്ചു. 

ഇറാനും പാകിസ്ഥാനും നേര്‍ക്കുനേര്‍ യുദ്ധത്തിലേക്കെന്ന് പശ്ചിമേഷ്യന്‍ മേഖലയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയ്‌ഷ് അല്‍ അദ്ല്‍ സംഘടനയുടെ ആസ്ഥാനത്തേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇറാനില്‍ സൈനികര്‍ക്ക് നേരെ ആക്രമണം പതിവാക്കിയ ഗ്രൂപ്പാണ് ജയ്‌ഷ് അല്‍ അദ്ല്‍. സിറിയ, ഇറാഖ് രാജ്യങ്ങളിലെ ഭീകരക്യാമ്പുകള്‍ ലക്ഷ്യമിട്ടും ഇറാന്റെ ആക്രമണമുണ്ടായി. സംഭവത്തെത്തുടര്‍ന്ന് ടെഹ്റാനിലെ നയതന്ത്ര പ്രതിനിധിയെ തിരിച്ചു വിളിച്ച പാകിസ്ഥാന്‍ ഇറാന്‍ സ്ഥാനപതിയെ പുറത്താക്കുകയും ചെയ്തിരുന്നു. 

കൂടാതെ ഇറാനിലേക്കുള്ള ഉന്നതതല സന്ദര്‍ശനങ്ങളെല്ലാം റദ്ദാക്കി. ഷിയ‑സുന്നി വ്യത്യാസമുണ്ടെങ്കിലും അടുത്തിടെ ഇറാനുമായി ഏറ്റവും മികച്ച ബന്ധത്തിലായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ പാക് മണ്ണില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഇറാനിലെ ഭീകര കേന്ദ്രങ്ങളെന്ന് ആരോപിച്ച് മിസൈല്‍ ആക്രമണം നടത്തിയത്. ഇറാനെ ‘സഹോദര രാജ്യം’ എന്നാണ് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വിശേഷിപ്പിക്കുന്നത്. പാകിസ്ഥാന്റെ സുരക്ഷയും ദേശീയതാല്പര്യവും പിന്തുടരുക എന്നത് മാത്രമായിരുന്നു സൈനിക നടപടിയുടെ ലക്ഷ്യം. ഇറാന്റെ പരമാധികാരത്തെ പൂര്‍ണമായി മാനിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. 

 

ഇരുരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നം: ഇന്ത്യ 

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരായ ഇറാന്റെ മിസൈല്‍ ആക്രമണം രണ്ടു രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന് ഇന്ത്യ. പ്രതിരോധത്തിന്റെ ഭാഗമായി ഓരോ രാജ്യങ്ങളും സ്വീകരിക്കുന്ന നടപടികള്‍ മനസിലാക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഭീകരവാദത്തോട് യാതൊരുവിധ സഹിഷ്ണുതയും കാണിക്കില്ലെന്ന നിലപാടാണ് ഇന്ത്യയുടേതെന്നും ആവർത്തിച്ചു.

Eng­lish Summary:
Pak­istan’s counter-attack in Iran, sev­en peo­ple includ­ing chil­dren were killed

You may also like this video:

Exit mobile version