Site iconSite icon Janayugom Online

മന്ത്രി കണ്ടറിഞ്ഞു, സൂപ്രണ്ട് കൊണ്ടറിഞ്ഞു; ജനറൽ ആശുപത്രി സൂപ്രണ്ട് ഔട്ട്

palapala

പാലാ ഗവ: ജനറൽ ആശുപത്രി സൂപ്രണ്ടിന് സ്ഥലം മാറ്റം. ചുമതലകളിലെ നിരുത്തരവാദിത്വ പ്രവർത്തനങ്ങൾ കണ്ട് മടുത്ത ആശുപത്രി മാനേജിംഗ് കമ്മിറ്റി പ്രമേയത്തിലൂടെ പാലാ ഗവ: ജനറൽ ആശുപത്രി സൂപ്രണ്ടിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നില്ല. ആശുപത്രി മാനേജിംഗ് കമ്മിറ്റി തീരുമാനങ്ങൾ ഒന്നും നടപ്പിൽ വരുത്തുവാൻ തയ്യാറാവാതെ വന്നതും തുടർച്ചയായി ഹാജരാവത്തതുമാണ് മാനേജിംഗ് കമ്മിറ്റിക്ക് അസ്വീകാര്യനായത്.
സൂപ്രണ്ടിൻ്റെ ചെയ്തികളും രോഗികളുടെ പരാതികളും കണ്ടും കേട്ടും മടുത്ത നഗരസഭ ഒറ്റക്കെട്ടായി സൂപ്രണ്ടിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും തുടർ നടപടികൾ വൈകുകയാണുണ്ടായത്.

എന്നാൽ ആരോഗ്യ വകുപ്പ് മന്ത്രി നേരിട്ട് ആശുപത്രി സന്ദർശിക്കാനെത്തിയത് സൂപ്രണ്ടിന് വിനയായി. ആശുപത്രിയുടെ ആവശ്യങ്ങൾ സംസാരിക്കുവാൻ മന്ത്രി തിരക്കിയിട്ടും സമയത്ത് സൂപ്രണ്ട് ഉണ്ടായിരുന്നില്ല. മറ്റ് ഡോക്ടർമാരാണ് മന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതും കാര്യങ്ങൾ വിവരിച്ചതും. സൂപ്രണ്ടിൻ്റെ അസാന്നിദ്ധ്യം മന്ത്രിയേയും ഉപ്പമുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ഡയറക്ടറേയും ചൊടിപ്പിച്ചു.
നഗരസഭാ ചെയർപേഴ്സണും എം.എൽ.എയും എൽ.ഡി.എഫ് നേതൃത്വവും മാനേജിംഗ് കമ്മിറ്റിയും ഉടൻ നടപടി വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യം പരിഗണിച്ച മന്ത്രിയുടെ നിർദ്ദേശപ്രകാരം സൂപ്രണ്ടിനെ വയനാട് ഡി.എം.ഒ.ഓഫീസിലേക്ക് ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥലം മാറ്റി ഉത്തരവിറക്കി.

പ്രസവ വിഭാഗത്തിൽ ഡോക്ടറുടെ സേവനം ഇനി 24 മണിക്കൂറും

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടറുടെ സേവനം ഇരുപത്തിനാല് മണിക്കൂറും ലഭ്യമാകും വിധം ഡോക്ടർമാരുടെ ഡ്യൂട്ടി സമയം പുനക്രമീകരിച്ചതായി ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ നഗരസഭാദ്ധ്യക്ഷ ജോസിൻ ബിനോ അറിയിച്ചു. പ്രസവുമായി ബന്ധപ്പെട്ട് മറ്റ് ആശുപത്രികളിൽ വൻ ചിലവ് ഉണ്ടാകുന്നത് താങ്ങാനാവാത്ത സ്ഥിതിയിൽ ഈ ആശുപത്രിയിലെ തുടർച്ചയായ സേവനം വളരെ പ്രയോജനകരവുമാകും.

Eng­lish Sum­ma­ry: Pala Govt: Gen­er­al Hos­pi­tal Super­in­ten­dent has been transferred

You may also like this video

Exit mobile version