പാലക്കാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ തന്റെ പേര് ഉയര്‍ന്നപ്പോള്‍ ഒരു മുതിര്‍ന്ന നേതാവ് അപമാനിച്ചുവെന്ന് മുന്‍എംപി കെ മുരളീധരന്‍. ആ പ്രതികരണം ഒരു ഷോക്കായി പോയെന്നും കെ മുരളീധരന്‍ പറഞ്ഞു. ഒരു സ്വകാര്യചാനലിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംഎല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്ന നീക്കം അങ്ങേര്‍ക്ക് നിര്‍ത്തിക്കൂടെ,എന്നാണ് മുതിര്‍ന്ന നേതാവ് പറഞ്ഞതെന്നും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
തന്നെ തൃശൂരിലേക്ക് മാറ്റാന്‍ മുന്‍നിരയില്‍ നിന്ന നേതാവാണ് അപമാനിച്ചതെന്നും കെ മുരളീധരന്‍ വെളിപ്പെടുത്തി. നോമിനി രാഷ്ട്രീയം കോണ്‍ഗ്രസിന് നല്ലതിനല്ലെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി. വട്ടിയൂര്‍ക്കാവില്‍ തോറ്റപ്പോള്‍ താന്‍ ആരെയും നിര്‍ദേശിച്ചിട്ടില്ല. കോന്നിയില്‍ അടൂര്‍പ്രകാശ് ഒരാളെ നിര്‍ദേശിച്ചെങ്കിലും അത് അംഗീകരിച്ചില്ലെന്നും മുരളീധരന്‍ പറഞ്ഞു.രണ്ട് നല്ല എംഎല്‍എമാരെ നഷ്ടപ്പെട്ടതിന്റെ രോഷമാണ് വട്ടിയൂര്‍ക്കാവിലും കോന്നിയിലും കണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ നോമിനിയാണെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
പക്ഷെ കെപിസിസി പ്രസിഡന്റ് അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയെന്നും കെ. മുരളീധരന്‍ പറഞ്ഞു.പാലക്കാട് മത്സരിക്കുന്നോയെന്ന് ആരും തന്നോട് ചോദിച്ചിട്ടില്ല. ചോദിച്ചാലും മത്സരിക്കില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അവസാനഘട്ടത്തില്‍ ഒരു നേതാവ് വിളിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ച് ചോദിച്ചു. മുരളിയുടെ പേരുണ്ട്, പക്ഷെ മത്സരിക്കേണ്ട എന്നാണ് അഭിപ്രായം എന്ന് ആ നേതാവ് പറഞ്ഞതെന്നും കെ മുരളീധരന്‍ പറഞ്ഞു.പാലക്കാട് ഡിസിസി തന്നെ സ്ഥാനാര്‍ത്ഥിയായി ആഗ്രഹിച്ചിരുന്നുവെന്നും കെ. മുരളീധരന്‍ സ്ഥിരീകരിച്ചു.
പക്ഷെ മുതിര്‍ന്ന നേതാവിന്റെ പ്രതികരണം അറിഞ്ഞപ്പോള്‍ നിങ്ങള്‍ തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചോളൂ എന്ന് താന്‍ പറഞ്ഞുവെന്നും കെ മുരളീധരന്‍ പറഞ്ഞു.ചേലക്കര മണ്ഡലത്തില്‍ രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ കെ മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ആരും കുറ്റം പറയില്ല. സിറ്റിങ് സീറ്റിലല്ല താന്‍ തോറ്റതെന്നും മുരളീധരന്‍ പറഞ്ഞു.
ചേലക്കര, വയനാട്, പാലക്കാട് എന്നീ മണ്ഡലങ്ങള്‍ തെരഞ്ഞെടുപ്പിനോട് അടുക്കുന്ന സാഹചര്യത്തിലാണ് കെ. മുരളീധരന്റെ വെളിപ്പെടുത്തല്‍. അടുത്തിടെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് ഡിസിസി എഐസിസി നേതൃത്വത്തിന് അയച്ച കത്ത് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് നോമിനി രാഷ്ട്രീയത്തില്‍ മുരളീധരന്‍ പ്രതികരിച്ചിരിക്കുന്നത്.
Palakkad by-election: K Muraleedharan MP says senior leader insulted him when his name came up as a candidate