Site iconSite icon Janayugom Online

പാലക്കാട് നാലുവയസുകാരന്റെ മുഖം തെരുവുനായക്കൂട്ടം കടിച്ചുകീറി

പാലക്കാട് തൃത്താലയിൽ തെരുവുനായ ആക്രമണത്തിൽ പിഞ്ചുകുഞ്ഞുൾപ്പെടെ മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. കോട്ടയിൽ അഷ്റഫിന്റെ മകൻ നാലുവയസുകാരനായ മുഹമ്മദ് ബിലാലിനാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. കുഞ്ഞിന്റെ മുഖം തെരുവുനായക്കൂട്ടം കടിച്ചുകീറുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിയിൽ ചികിത്സയിലാണ് ബിലാലിപ്പോള്‍.

ഇന്ന് രാവിലെയായിരുന്നു സംഭവം. കുഞ്ഞിന്റെ തലയ്ക്കും മുഖത്തുമെല്ലാം കടിയേറ്റിട്ടുണ്ട്. ഉടൻതന്നെ തൃത്താലയിലെ ആശുപത്രിയിലെത്തിക്കുകയും പരിക്ക് ​ഗുരുതരമായതിനാൽ തൃശൂരിലേക്ക് മാറ്റുകയുമായിരുന്നു. അതേസമയം ബിലാലിന് വിദ​ഗ്ധ ചികിത്സ നൽകുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ വീടിന് സമീപത്തുള്ള രണ്ട് പേർക്കുകൂടി തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരും ചികിത്സയിലാണ്.

Exit mobile version